കൽപ്പറ്റ: വയനാട്ടിലെ ചീരാല്‍ ഗവ. മോഡല്‍ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനി അലീന ബെന്നിയുടെ ആത്മഹത്യയില്‍ സ്കൂളിനെതിരെ പരാതിയുമായി കുടുംബം. വിറ്റുതീർക്കാനാകാത്ത സമ്മാന കൂപ്പണ്‍ തിരിച്ച് നല്‍കിയിട്ടും, പഴി കേട്ടതിലെ മനോവിഷമം ആണ് ആഹത്യയിലേക്ക് നയിച്ചത് എന്നാണ് കുടുംബത്തിന്റെ ആരോപണം. ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്കി. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ചീരാല്‍ സർക്കാർ മോഡല്‍ ഹയർ സെക്കണ്ടറി സ്കൂളിന്റെ വാർഷികം. ആഘോഷത്തിന് പണം കണ്ടെത്താൻ സമ്മാന കൂപ്പണ്‍ ഇറക്കിയിരുന്നു. വിദ്യാർത്ഥികളെയാണ് അധ്യാപകർ പണം പിരിക്കാൻ ഏല്‍പ്പിച്ചത്. എന്നാല്‍ അലീനയ്ക്ക് കൂപ്പണ്‍ വിറ്റുതീർക്കാനായില്ല. എന്നാല്‍ വിറ്റുതീരാത്ത കൂപ്പണ്‍ തിരികെ കൊടുത്തെന്ന് അലീനയും കൂപ്പണ്‍ കിട്ടിയില്ലെന്ന് ടീച്ചറും പറഞ്ഞതായി വീട്ടുകാര്‍ ആരോപിക്കുന്നു.
കൂപ്പണ്‍ തിരികെ നല്‍കിയില്ലെന്ന ആരോപണം അലീനയെ അലട്ടിയിരുന്നു. ആരോപണം നിലനില്‍ക്കെ ക്ലാസ് ടീച്ചര്‍ ഫോണില്‍ വിളിച്ച് സംസാരിച്ച ശേഷം അലീന അസ്വസ്ഥയായിരുന്നു എന്ന് വല്യമ്മ പറയുന്നു. ടീച്ചര്‍ എന്താണ് പറഞ്ഞതെന്ന് അറിയില്ലെന്നും തനിക്ക് നെഞ്ച് വേദനിക്കുന്നതായി അലീന പറഞ്ഞിരുന്നുവെന്നും അമ്മ പറഞ്ഞു. ശനിയാഴ്ച വൈകീട്ട്, സ്കൂള്‍ മുറ്റം ആഘോഷത്തിമിർപ്പിലേക്ക് പോയപ്പോള്‍, അലീനയുടെ വീട്ടില്‍ മരണപ്പന്തലുയർന്നു.
സംഭവത്തില്‍ അധ്യാപകരുടെ വിശദീകരണം ഇങ്ങനെയാണ്. കൂപ്പണ്‍ തിരികെ കിട്ടിയതായി കണ്ടെത്താനായിട്ടില്ല. എന്നാല്‍ അതിന്റെ പേരില്‍ വിദ്യാർത്ഥിനിയെ കുറ്റപ്പെടുത്തിയിരുന്നില്ല എന്നാണ് സ്കൂള്‍ അധികൃതർ അറിയിച്ചത്. കുടുംബത്തിന്റെ ആരോപണം ഉള്‍പ്പെടെ കാര്യങ്ങള്‍ വിശദമായി അന്വേഷിക്കുന്നതായി നൂല്പുഴ പൊലീസ് അറിയിച്ചു.