ചെന്നൈ : രജനികാന്ത് ഒരു സംഘിയല്ലെന്ന് അദ്ദേഹത്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ രജനുകാന്ത് കഴിഞ്ഞ ദിവസം പറഞ്ഞത് വൻചർച്ചയായിരുന്നു.അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്തതിന് രജനികാന്തിനെതിരെ ഉയർന്ന വിമർശനങ്ങളില്‍ പ്രതികരിക്കുകയായിരുന്നു ഐശ്വര്യ. പിന്നാലെ സംഘിയെന്ന് പറയുന്നത് മോശം വാക്കാണെന്ന് താരപുത്രി പറഞ്ഞതായി ആരോപണം ഉയർന്നു. ഇപ്പോള്‍ ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് രജനികാന്ത്. സംഘി എന്നത് മോശം വാക്കാണെന്ന് തന്റെ മകള്‍ എവിടെയും പറഞ്ഞിട്ടില്ല എന്നാണ് രജനികാന്ത് വ്യക്തമാക്കുന്നത്. എന്റെ മകള്‍ ഒരിക്കലും സംഘി എന്ന വാക്ക് മോശമാണെന്ന് പറഞ്ഞിട്ടില്ല. അച്ഛന്റെ ആത്മീയതയെ എന്തിനാണ് ഇങ്ങനെ മുദ്രകുത്തുന്നതെന്നാണ് അവള്‍ ചോദിച്ചതെന്ന് സൂപ്പർതാരം പറഞ്ഞു.
തന്റെ പുതിയ ചിത്രം ലാല്‍സലാമിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കവെയാണ് സോഷ്യല്‍ മീഡിയയിലൂടെ രജനികാന്തിനെ സംഘി എന്ന് മുദ്രകുത്തുന്നതിനെതിരെ താരപുത്രി പ്രതികരിച്ചത്. അടുത്തിടെയായി നിരവധി പേർ അച്ഛനെ സംഘിയെന്ന് വിളിക്കുന്നത് തന്നെ വേദനിപ്പിക്കുന്നു. എന്താണ് അതിന്റെയർത്ഥം എന്ന് തനിക്കറിയില്ല. വാക്കിന്റെ അർത്ഥം എന്താണെന്ന് ചിലരോട് ചോദിച്ചപ്പോള്‍ പ്രത്യേക രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കുന്നവരെയാണ് അങ്ങനെ വിളിക്കുന്നതെന്ന് അവർ പറഞ്ഞു. രജനികാന്ത് സംഘിയല്ലെന്ന് വ്യക്തമാക്കാൻ താൻ ആഗ്രഹിക്കുന്നു. അങ്ങനെ സംഘിയായിരുന്നെങ്കില്‍ അദ്ദേഹം ലാല്‍സലാം പോലൊരു സിനിമ ചെയ്യില്ല. ഒരുപാട് മനുഷ്യത്വമുള്ളയൊരാള്‍ക്കേ ഇങ്ങനെയൊരു ചിത്രം ചെയ്യാനാകൂ- ഐശ്വര്യ വ്യക്തമാക്കി.മകള്‍ പറയുന്നത് കേട്ട് രജനികാന്തിന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘ലാല്‍സലാമില്‍’ അതിഥി വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. വിഷ്ണുവും വിശാലുമാണ് നായകന്മാർ. രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങില്‍ രജനികാന്ത് പങ്കെടുത്തിരുന്നു. ഇതിനുപിന്നാലെ അദ്ദേഹം സംഘിയാണെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണമുണ്ടായിരുന്നു.