ബ്ലൂംഫോണ്ടെയ്ന് : നിലവിലെ ചാംപ്യന്മാരായ ഇന്ത്യ ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ വിജയക്കുതിപ്പ് തുടരുകയാണ്.ഗ്രൂപ്പ് ചാംപ്യന്മാരായി സൂപ്പര്‍ സിക്സിലെത്തിയ ഇന്ത്യ ഇവിടെയും വിജയമാവര്‍ത്തിച്ചിരിക്കുകയാണ്. ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യന്‍ സീനിയര്‍ ടീമിനു എല്ലായ്പ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള ന്യൂസിലാന്‍ഡിനെയാണ് യുവനിര കെട്ടുകെട്ടിച്ചത്.
ടൂര്‍ണമെന്റിലെ രണ്ടാം സെഞ്ച്വറി കണ്ടെത്തയ മുഷീര്‍ ഖാന്റെ ചിറകിലേറിയാണ് ഇന്ത്യ കിവികളെ തീര്‍ത്തത്. 214 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ ആഘോഷിച്ചത്. സൂപ്പര്‍ സിക്സില് ഇന്ത്യയുടെ അടുത്ത കളി വെള്ളിയാഴ്ച നേപ്പാളിനെതിരേയാണ്. ഇതില്‍ ജയിക്കാനായാല്‍ ഇന്ത്യക്കു സെമി ഫൈനലിലേക്കു മുന്നേറാം.296 റണ്‍സെന്ന വലിയ വിജയലക്ഷ്യമാണ് 50 ഓവര്‍ മല്‍സരത്തില്‍ ന്യൂസിലാന്‍ഡിനു ഇന്ത്യ നല്‍കിയത്. പക്ഷെ ഈ ടോട്ടല്‍ അവര്‍ക്കു താങ്ങാവുന്നതിനും അപ്പുറമായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്നിങ്സിലെ ആദ്യ ബോളില്‍ തന്നെ വിക്കറ്റ് കൈവിട്ട് ദയനീയമായി തുടങ്ങിയ ന്യൂസിലാന്‍ഡിനെ 100 റണ്‍സ് പോലും തികയ്ക്കാന്‍ ഇന്ത്യ അനുവദിച്ചില്ല. 28.1 ഓവറില്‍ വെറും 81 റണ്‍സ് മാത്രമെടുത്ത് അവര്‍ കൂടാരത്തില്‍ തിരിച്ചെത്തുകയായിരുന്നു.
കിവി ബാറ്റിങ് നിരയില്‍ 20 റണ്‍സ് പോലും പൂര്‍ത്തിയാക്കാന്‍ ഒരാളെയും ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. 19 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഓസ്കര് ജാക്സനാണ് ന്യൂസിലാന്‍ഡിന്റെ ടോപ്സ്കോറര്‍. സാക്ക് കമ്മിങ് 16ഉം അലെക്സ് തോംസണ്‍ 12ഉം റണ്‍സ് നേടി. നാലു വിക്കറ്റുകളെടുത്ത സൗമി പാണ്ഡെയാണ് കിവികളുടെ അന്തകനായത്. രാജ് ലിംബാനി രണ്ടു വിക്കറ്റുകളും നേടി.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യ എട്ടു വിക്കറ്റിനാണ് 296 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്.
ഇതിനു ടീമിനെ സഹായിച്ചതാവട്ടെ കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിലേക്കു വിളിക്കപ്പെട്ട സര്‍ഫറാസ് ഖാന്റെ ഇളയ സഹോദരനായ മുഷീറായിരുന്നു. മൂന്നാം നമ്ബറില്‍ ബാറ്റ് ചെയ്ത താരം കിടിലന്‍ സെഞ്ച്വറിയുമായി ഇന്ത്യന്‍ വിജയത്തിനു ചുക്കാന്‍ പിടിക്കുകയായിരുന്നു.
131 റണ്‍സ് അടിച്ചെടുത്താണ് മുഷീര്‍ പുറത്തായത്. 126 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്സില്‍ 13 ഫോറുകളും മൂന്നു സിക്സറുപ്പെട്ടിരുന്നു. 52 റണ്‍സെടുത്ത ഓപ്പണര്‍ ആദര്‍ശ് സിങാണ് ഇന്ത്യയുടെ മറ്റൊരു പ്രധാന സ്കോറര്‍. 58 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്സില്‍ ആറു ഫോറുകളുണ്ടായിരുന്നു. ക്യാപ്റ്റന്‍ ഉദയ് സഹരണ്‍ 34 റണ്‍സും നേടി പുറത്തായി.
ഈ കളിയിലെ സെഞ്ച്വറിയോടെ ഇന്ത്യയുടെ മുന്‍ ഇടംകൈയന്‍ സ്റ്റാര്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ പേരിലുള്ള വമ്ബന്‍ റെക്കോര്‍ഡിനൊപ്പവും മുഷീര്‍ ഖാന് എത്തിയിരിക്കുകയാണ്. അണ്ടര്‍ 19 ലോകകപ്പില്‍ ഒന്നിലേറെ സെഞ്ച്വറികള്‍ നേടിയ ഏക ഇന്ത്യന്‍ താരം നേരത്തെ ധവാനായിരുന്നു. 2004ലെ ടൂര്‍ണമെന്റിലായിരുന്നു മൂന്നു സെഞ്ച്വറികളുമായി ധവാന് ചരിത്രം കുറിച്ചത്.
ന്യൂസിലാന്‍ഡിനെതിരായ ഇന്നത്തെ സെഞ്ച്വറിയോടെ ടൂര്‍ണമെന്റില്‍ സെഞ്ച്വറികളുടെ എണ്ണം മുഷീര്‍ രണ്ടാക്കിയിരിക്കുകയാണ്. നേരത്തേ അയര്‍ലാന്‍ഡുമായുള്ള ആദ്യ കളിയിലും താരം സെഞ്ച്വറി കണ്ടെത്തിയിരുന്നു. അന്നു 106 ബോളില്‍ 118 റണ്‍സാണ് മുഷീര്‍ സ്കോര്‍ ചെയ്തത്. പിന്നീട് അമേരിക്കയുമായുള്ള മല്‍സരത്തില്‍ 76 ബോളില്‍ 73 റണ്‍സും താരം നേടി. നിലവില്‍ ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ തലപ്പത്തുള്ളതും മുഷീര്‍ തന്നെയാണ്.