വിശാഖപട്ടണം : ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് തൊട്ടു മുൻപ് ഇംഗ്ലണ്ടിന് തിരിച്ചടി. ആദ്യ ടെസ്റ്റിനിടെ കാല്‍മുട്ടിന് പരിക്കേറ്റ സ്പിന്നര്‍ ജാക് ലീച്ച് രണ്ടാം ടെസ്റ്റില്‍ കളിക്കില്ല.നാളെ വിശാഖപട്ടണത്താണ് രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്. ജാക് ലീച്ച് കളിക്കില്ലെന്ന് ഉറപ്പായതോടെ നാലു സ്പിന്നര്‍മാരുമായി വിശാഖപട്ടണം ടെസ്റ്റിലിറങ്ങാമെന്ന ഇംഗ്ലണ്ടിന്റെ തന്ത്രവും പാളി.ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റിനിടെയാണ് ലീച്ചിന്റെ ഇടതു കാല്‍മുട്ടില്‍ പരിക്കേറ്റത്. ലീച്ചിന്റെ പരിക്ക് ഗുരുതരമാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മൂന്നാം ടെസ്റ്റില്‍ അദ്ദേഹത്തിന് തിരിച്ചുവരാനാകുമെന്നാണ് കരുതുന്നതെന്നും ഇംഗ്ലണ്ട് നായകന് ബെന്‍ സ്റ്റോക്സ് സ്കൈ സ്പോര്‍ട്സിനോട് പറഞ്ഞു.
ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സില്‍ ലീച്ച് 26 ഓവറുകള്‍ എറിഞ്ഞിരുന്നെങ്കിലം രണ്ടാം ഇന്നിംഗ്സില്‍ പരിക്ക് മൂലം കൂടുതല്‍ ഓവറുകള്‍ ബൗള്‍ ചെയ്യാനായിരുന്നില്ല. വിശാഖപട്ടണത്ത് ലീച്ചിന് പകരം ഷൊയ്ബ് ബാഷിര്‍ ഇംഗ്ലണ്ടിന്റെ പ്ലേയിംഗ് ഇലവനില്‍ കളിക്കുമെന്നാണ് കരുതുന്നത്. വിസ പ്രശ്നങ്ങള്‍ കാരണം ഇന്ത്യയിലെത്താന്‍ വൈകിയതിനാല്‍ ബാഷിറിന് ആദ്യ ടെസ്റ്റില്‍ ടീമിനൊപ്പം ചേരാനായിരുന്നില്ല.