തൽക്കാലമെങ്കിലും വിരാട് കോലിയെ അതിനോടുപമിക്കുന്നത് കടുത്ത അനീതിയാണ്; പ്രതിഭയോടല്ല തപോതുല്യമായ അതിന്റെ പ്രയോഗത്തോട്; ഓഫ് സൈഡിലെ കെണിയിൽ വിരാട് വീഴുമ്പോൾ, ദൈവത്തിനോട് അദ്ദേഹത്തെ തുല്യതപ്പെടുത്താനാവുമോ… ജിതേഷ് മംഗലത്ത് എഴുതുന്നു

പറഞ്ഞുപറഞ്ഞ് മിത്തായതാണ് ആ ഇന്നിംഗ്‌സ്.എങ്കിലും നിശ്ചയദാർഢ്യത്തിന് ഒരു മറുപേര് തിരയുന്ന സന്ദർഭങ്ങളിലൊക്കെയും മനസ്സിലേക്ക് ഓടി വരിക ഈ ഇന്നിംഗ്‌സാണ്;ഋഷിതുല്യമായ ഏകാഗ്രതയോടെ 613 മിനിറ്റുകൾ ക്രീസിൽ ചിലവഴിച്ച സച്ചിൻ ടെൻഡുൽക്കറുടെ 241!വല്ലാത്തൊരു ആത്മീയമാനം ആ ഇന്നിംഗ്‌സിനുണ്ടെന്ന് എപ്പോഴും തോന്നാറുണ്ട്.ഫ്രണ്ട് ഫൂട്ടിലും,ബാക്ക് ഫൂട്ടിലും യഥേഷ്ടം പ്രവഹിച്ചിരുന്ന കവർഡ്രൈവുകൾക്ക് മന:പൂർവ്വമിട്ട അർദ്ധവിരാമം,അനിശ്ചിതത്വത്തിന്റെ ഇടനാഴിയിലെ കൊതിപ്പിക്കുന്ന ഒരു പ്രലോഭനത്തിലും വീഴാതെ നിർമമായി ഒഴുകിനീങ്ങിയ പ്രശാന്തമായ ആ ഇരട്ടശതകം സച്ചിൻ ടെൻഡുൽക്കറെന്ന ക്രിക്കറ്ററുടെ ഗെയിമിനോടുള്ള സമീപനത്തിന്റെ രേഖാചിത്രമാണ്.ലോംഗിറ്റിവിറ്റിയെക്കുറിച്ച് പറയുമ്പോൾ അയാളതിനു വേണ്ടി നിരന്തരമെന്നോണം അപ്‌ഡേറ്റ് ചെയ്യുന്ന ടെക്‌നിക്കുകളെ പറ്റിയും,അത് പ്രയോഗത്തിൽ വരുത്താൻ അയാൾ അനുഷ്ഠിക്കുന്ന തപസ്യയെപ്പറ്റിയും കൂടി പറയണം.

Advertisements

നമുക്കാ സിഡ്‌നി ഇന്നിംഗ്‌സിലേക്കു തന്നെ മടങ്ങി വരാം.അടിസ്ഥാനപരമായി ഒരു സ്‌ട്രോക്ക് പ്ലെയറായ സച്ചിൻ അന്ന് ഓഫ്സ്റ്റമ്പ് ലൈൻ ഡെലിവറികളെ പരിചരിച്ച ശൈലിയൊന്നോർത്തു നോക്കൂ.ആക്രമണോത്സുകമായ സ്വകീയത അനന്യമായ അച്ചടക്കപാലനത്തിലേക്ക് കൂടു മാറുന്നതിന്റെ ഏറ്റവും സുന്ദരമായ അപ്ലിക്കേഷനായിരുന്നു അത്.സ്‌ക്വയർ ലെഗ്ഗിനും,മിഡ് ഓണിനും ഇടയിലൂടെ പറഞ്ഞയയ്ക്കപ്പെടുന്ന റിസ്റ്റി ഡ്രൈവുകൾ ഒരു സ്‌ട്രെയിറ്റ് ബാറ്റ് ഫോളോ അപ്പിൽ അവസാനിക്കുന്നത് സമാനതകളില്ലാത്ത വിധമായിരുന്നു.ഫിഫ്ത്ത് സ്റ്റമ്പ് ലൈനിലെ ഡെലിവറികൾക്ക് അയാളുടെ ഏകാഗ്രതയെ ഭേദിക്കാനേ കഴിഞ്ഞില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേവലം ഈയൊരിന്നിംഗ്‌സ് കൊണ്ടു മാത്രമല്ല ടെൻഡുൽക്കറെന്ന ബാറ്ററുടെ ലോംഗിറ്റിവിറ്റിയെ വിലയിരുത്തേണ്ടത്.കരിയറിലുടനീളം അയാൾ തന്റെ കേളീശൈലിയെ നിരന്തരമെന്നോണം നവീകരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും,ആ പൊരുത്തപ്പെടലുകളെ അക്കങ്ങളിലേക്ക് സംക്രമിപ്പിക്കാനും അയാൾക്കൊരു പ്രത്യേകവിരുത് തന്നെയുണ്ടായിരുന്നു.എൺപതുകളിൽ തുടങ്ങി രണ്ടായിരത്തിപ്പത്തുകളിൽ അവസാനിച്ച കരിയറിൽ ഓരോ ഘട്ടത്തിലും ടെൻഡുൽക്കർ മേൽപ്പറഞ്ഞ സാഹചര്യങ്ങളോട് കൃത്യമായും,പൊസിറ്റീവായും പ്രതികരിക്കുന്നുണ്ട്.ഉദാഹരണത്തിന് നമുക്കയാളുടെ സ്റ്റാൻസിന്റെ കാര്യമെടുക്കാം.കരിയർ തുടങ്ങുന്ന സമയത്ത് ടെൻഡുൽക്കർ ഗാർഡെടുക്കുന്നത് ലെഗ് സ്റ്റമ്പിലായിരുന്നു.അന്നയാളുടെ ശരീരം മിഡിൽ സ്റ്റമ്പിലേക്ക് ഒരൽപ്പം വളഞ്ഞ് നിൽക്കുന്ന ശൈലിയിലായിരുന്നു സ്റ്റാൻസിന്റെ ക്രമീകരണം.ഫ്രണ്ട്ഫൂട്ട് ഡ്രൈവുകളിൽ വല്ലാത്ത ഒരു അസൗകര്യസ്വഭാവം ഈ സ്റ്റാൻസിനുണ്ടായിരുന്നു.എന്നാൽ തൊണ്ണൂറുകളുടെ രണ്ടാം പാദത്തിൽ കുറച്ചു കൂടി സ്‌ട്രെയിറ്റ് ഹെഡഡായ ടെൻഡുൽക്കറെയാണ് കാണാൻ കഴിയുക.ഇവിടെ അയാൾ കുറച്ചുകൂടി ബാലൻസ്ഡാണ്.ടെൻഡുൽക്കറുടെ പ്രശസ്തമായ സ്‌ട്രെയിറ്റ് ഡ്രൈവുകൾ ഏറ്റവും സുലഭമായി സംഭവിച്ചിരുന്നതും ഈ കാലയളവിലായിരുന്നു.

2003 ലോകകപ്പ് തൊട്ട് അയാളുടെ സ്റ്റാൻസിൽ ഏറ്റവും പ്രകടമായ മാറ്റം കാണാം.ലെഗ് സ്റ്റമ്പിൽ നിന്നും മാറി മിഡിൽ സ്റ്റമ്പിലേക്കുള്ള ഗാർഡ് പൊസിഷൻ ട്രാൻസിഷൻ ഇവിടെ സംഭവിക്കുന്നുണ്ട്.ടെന്നീസ് എൽബോയ്ക്കു ശേഷം തന്റെ ആവനാഴിയിൽ നിന്ന് ഒഴിവാക്കേണ്ടി വന്ന ചില അഗ്രസീവ് ഷോട്ടുകൾക്ക് പകരം അയാൾ തന്റെ ലെഗ് സൈഡ് ഷോട്ടുകളെ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ തുടങ്ങുകയാണ്.ഓൺ ഡ്രൈവുകളും,ഫ്‌ലിക്കുകളും അനായാസമുൽപാദിപ്പിക്കപ്പെടുന്നത് ഈ സമയമാണ്.ബോട്ടം ഹാൻഡിന്റെ ഉപയോഗത്തെ പരമാവധി കുറച്ചു കൊണ്ട് റിസ്റ്റ് വർക്കുകളെ കൂടുതൽ ആശ്രയിക്കാൻ അയാൾ തുടങ്ങുന്നത് നെറ്റ്‌സിലെ എണ്ണമറ്റ സെഷനുകൾക്ക് ശേഷമായിരിക്കണം.

ബാറ്റ് ലിഫ്റ്റിലും ഈ മാറ്റത്തിന്റെ പ്രതിഫലനം കാണാം.എൺപതുകളിലും,തൊണ്ണൂറുകളിലും അരക്കെട്ടു വരെ ഉയർന്നിരുന്ന ബാറ്റ് ലിഫ്റ്റ് ടെന്നീസ് എൽബോയ്ക്കു ശേഷം അതിന്റെ പകുതിയെങ്കിലും താഴെയാണ്.ഷോട്ടുകളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ശക്തിയുടെ കുറവ് ഇവിടെ പ്രകടമാണ്.അതിന് അയാൾ തടയിടുന്നത്,ബൗളറുടെ പേസ് കൂടി കൗശലപൂർവ്വം ഉപയോഗിച്ചു കൊണ്ട് എക്‌സിക്യൂട്ട് ചെയ്യുന്ന അപ്പർകട്ടുകളുടെ കണ്ടുപിടുത്തത്തിൽക്കൂടിയാണ്.

ട്രിഗർ മൂവ്‌മെന്റുകൾ(അതിനെപ്പറ്റി ഒരു ഉപന്യാസമെഴുതാൻ മാത്രമുണ്ട്),ബാറ്റ് ഭാരത്തിന്റെ വിന്യാസങ്ങൾ,ഹെഡ് സ്റ്റാൻറ്,ടോപ്&ബോട്ടം ഹാൻറുകളുടെ വിന്യാസവ്യതിയാനങ്ങൾ എന്നിങ്ങനെ ടെൻഡുൽക്കർ തന്റെ കരിയറിൽ,ബാറ്റിംഗ് അപ്ലിക്കേഷനെ നിരന്തരം അപ്‌ഡേറ്റ് ചെയ്തിട്ടുള്ള ഫീച്ചറുകൾ നിരവധിയാണ്.അറ്റ് ദി എൻഡ് ഓഫ് ദി ഡേ,ഗെയിമിനോടുള്ള,റൺസിനോടുള്ള അയാളുടെ അദമ്യപ്രണയമാണ്,ദാഹമാണ് അയാളെ കണക്കുകളുടെ ലോകത്തെ ഒറ്റയാനാക്കുന്നത്.ടെൻഡുൽക്കർക്കരികിലെത്തുമെന്നു വിചാരിച്ചവരൊക്കെ പിടഞ്ഞു വീണിടത്ത് അയാളാ ഒറ്റയാനാകുന്നത് അഡാപ്റ്റബിളിറ്റിയുടെ ഏറ്റവും ക്ലാസിക്കലായ കരിയർ എക്‌സ്പ്രഷൻ കൊണ്ടാണ്. തൽക്കാലമെങ്കിലും വിരാട് കോലിയെ അതിനോടുപമിക്കുന്നത് കടുത്ത അനീതിയാണ്; പ്രതിഭയോടല്ല തപോതുല്യമായ അതിന്റെ പ്രയോഗത്തോട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.