ജിതേഷ് മംഗലത്ത്
ഏറ്റവും പ്രിയപ്പെട്ട പാട്ടുകളിലൊന്നിന്റെ ശിൽപി,ഗൃഹാതുരതയുടെ ഏറ്റവും വലിയ പാട്ടുകാരിലൊരാൾ യാത്രയായിരിക്കുന്നു.സ്വസ്തി..
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൈതപ്രം വിശ്വനാഥനെപ്പറ്റിയോർക്കുമ്പോൾ എനിക്കെപ്പോഴും അമ്പരപ്പാണ് തോന്നാറ്. കിട്ടിയ ഓരോ അവസരത്തിലും തന്റെ സ്റ്റാമ്പ് പതിപ്പിച്ചിട്ടും,അത്രമേലാഘോഷിക്കപ്പെട്ട തന്റെ സഹോദരന്റെ നിഴലിലറിയപ്പെടാനായിരുന്നു അയാളുടെ വിധി.
ഓർമ്മയിൽ ആനന്ദഭൈരവിയുടെ ഏറ്റവും സ്നിഗ്ദ്ധമായ ‘ഈ കണ്ണൻ കാട്ടും കുസൃതി’യുണ്ട്.സുജാതയുടെ ഒരു സിഗ്നേച്ചർ സോംഗ് തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ഏതുറക്കത്തിലും എന്റെ മനസ്സിലേക്കോടി വരിക തിളക്കത്തിലെ ഈ പാട്ടാണ്.ഹരികാംബോജിയിലെ ‘ഇനിയൊരു ജന്മമുണ്ടെങ്കിൽ’,ശുദ്ധധന്യാസിയിലെ ‘കരിനീലക്കണ്ണഴകീ’,കാപിയിലെ’ പൂപറിക്കാൻ പോരുമോ’ എന്നിങ്ങനെ കണ്ണകിയ്ക്കു വേണ്ടി അയാളീണം പകർന്ന ഗാനങ്ങളോരോന്നും പ്രസ്തുത രാഗങ്ങളിലെ എണ്ണം പറഞ്ഞ ഈടുവെപ്പുകളായിരുന്നു.കരിയിലയ്ക്കു തീപിടിക്കും പോലെയുള്ള ചിത്രയുടെ കരിനീലക്കണ്ണഴകി ആ രാഗത്തിന്റെ അധികമാരും പ്രയോഗിച്ചിട്ടില്ലാത്ത ഒരു മൂഡാണ് നൽകുന്നത്.
കണ്ണകി പോലെത്തന്നെ തിളക്കവും മികച്ച ഗാനങ്ങളാൽ നിറഞ്ഞ ആൽബമായിരുന്നു. ജയചന്ദ്രന്റെ’നീയൊരു പുഴയാ’യും,യേശുദാസിന്റെ ‘ എനിക്കൊരു പെണ്ണുണ്ട്’ഉം, ദിലീപ്- സുജാത ടീമിന്റെ ‘ സാറേ സാറേ സാമ്പാറേ’ യും ആഘോഷിക്കപ്പെട്ടപ്പോൾ ഒന്നു രണ്ട് അസാധ്യ കോമ്പോസിഷനുകൾ സിനിമയിൽ നിന്നും,ആൽബത്തിലും ശ്രദ്ധിക്കപ്പെടാതെ പോയി.നേരത്തെ പറഞ്ഞ ‘ഈ കണ്ണൻ കാട്ടും കുസൃതി’ യും,യേശുദാസ് പാടിയ ‘ എവിടെ എൻ അഷ്ടമിത്തിങ്കളെവിടെ’യും അത്തരത്തിലുള്ള പാട്ടുകളായിരുന്നു.ഓർമ്മയിലുള്ള മറ്റൊരു ആൽബം തട്ടകമാണ്.യേശുദാസും,സുജാതയും ചേർന്നാലപിച്ച ‘ചന്ദനക്കാവിലെ പൂവാലി’യും, ‘പകൽക്കിനാവിൽ പലവട്ട’വും,യേശുദാസിന്റെ ‘ശിലയായ് പിറവിയുണ്ടെങ്കിലും’ ഇൻസ്റ്റന്റ് ഹിറ്റുകളായപ്പോൾ പിക്ക് ഓഫ് ദി ആൽബം എന്ന് വിശേഷിപ്പിക്കാവുന്ന പാട്ട് മറ്റൊന്നായിരുന്നു. യേശുദാസ് പാടിയ ‘ബാഷ്പസാഗരതീരം’ വിശ്വനാഥന്റെ കരിയറിലെത്തന്നെ ഏറ്റവും സങ്കീർണ്ണമായ കോമ്പിനേഷനായിരുന്നു.ദൈവനാമത്തിലിലെ ‘ ഏഴാം ബഹറിന്റെ’ എന്ന, മഞ്ജരിയാലപിച്ച ഗാനം അയാളുടെ വ്യത്യസ്തമായ ഈണങ്ങളിലൊന്നായപ്പോൾ പ്രിയനന്ദനന്റെ പുലി ജന്മത്തിനു വേണ്ടി സൃഷ്ടിച്ച ‘ ഒരു ഞരമ്പിപ്പോഴും’ (ഗായകൻ:കല്ലറ ഗോപൻ) അയാളുടെ സംഗീതത്തിന്റെ റോ നേച്ചർ പുറത്തു പുറത്തു കൊണ്ടുവന്നു.
ഇനിയിതെല്ലാം കഴിഞ്ഞ് ഒരു പാട്ടുണ്ട്;പാട്ടിനെപ്പറ്റി,മണങ്ങളെപ്പറ്റി,ഒരു കാലത്തെപ്പറ്റിത്തന്നെ ഓർക്കുമ്പോൾ ഒരു തിരത്തള്ളൽ പോലെ മൂക്കിൻ തുമ്പിലേക്കിരച്ചു കയറുന്ന ഗൃഹാതുരത്വത്തിന്റെ അവസാനവാക്കായ ഒരു പാട്ട്.ഏകാന്തത്തിലെ ‘കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം’.ഹാ! അതു തുടങ്ങിയാൽ പിന്നെ ഓർമ്മപ്പെയ്ത്താണ്. നിർത്താതെയുള്ള ഓർമ്മ ധാര.വരികളും,ഈണവും,ആലാപനവും ചേർന്ന് ഓരോ ഞരമ്പിലും ഒരു കിളിത്തൂവൽ കൊണ്ടുഴിയുമ്പോലെ കടന്നു പോകും.നനഞ്ഞു കുതിർന്ന് ഒരു പാട്ടിലലിഞ്ഞില്ലാതാകുമ്പോൾ ഞാൻ അങ്ങേയറ്റം നന്ദിയോടെ അയാളെപ്പറ്റിയോർക്കും; കൈതപ്രം വിശ്വനാഥനെപ്പറ്റി. അല്ലെങ്കിലും ഓർക്കാനെന്തിനാണ് പരശതം പാട്ടുകൾ?! ഇങ്ങനെ ഒന്നോ രണ്ടോ എണ്ണം മതിയല്ലോ.