വിശാഖപട്ടണം : ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും നിരാശപ്പെടുത്തിയ ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്ലിന് മുന്നറിയിപ്പുമായി മുന്‍ പരിശീലകന് രവി ശാസ്ത്രി.യുവതാരങ്ങള്‍ കിട്ടുന്ന അവസരങ്ങളില്‍ കഴിവു തെളിയിക്കണമെന്നും രഞ്ജി ട്രോഫിയില്‍ ചേതേശ്വര്‍ പൂജാര റണ്‍സടിച്ചു കൂട്ടുന്നുണ്ടെന്നും രവി ശാസ്ത്രി പറഞ്ഞു. ഇന്ത്യയുടേത് യുവനിരയാണ്. കിട്ടുന്ന അവസരങ്ങള്‍ മുതലാക്കാന്‍ അവര്ക്കാവണം. പൂജാര അവിടെ കാത്തു നില്ക്കുന്ന കാര്യം നിങ്ങളാരും മറക്കരുത്. രഞ്ജി ട്രോഫിയില്‍ അവനിപ്പോള്‍ റണ്‍സടിച്ചു കൂട്ടിക്കൊണ്ടിരിക്കുകയാണ്.
അവന് സെലക്ടര്‍മാരുടെ റഡാറില്‍ നിന്ന് പുറത്തായിട്ടില്ലെന്നും ശാസ്ത്രി മത്സരത്തിനിടെ പറഞ്ഞു.അവസാനം കളിച്ച 11 ടെസ്റ്റ് ഇന്നിംഗ്സില്‍ ഒരു അര്‍ധസെഞ്ചുറി പോലും നേടാനാവാത്ത ഗില്ലിന് 18.81 ശരാശരിയില്‍ 207 റണ്‍സ് മാത്രമാണ് നേടാനായത്. മൂന്നാം ടെസ്റ്റില്‍ കെ എല്‍ രാഹുലും വിരാട് കോലിയും തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോലിയും രാഹുലും തിരിച്ചെത്തിയാല്‍ ഇന്ന് അരങ്ങേറിയ രജത് പാടിദാറിന് പകരം ശുഭ്മാന്‍ ഗില്ലായിരിക്കും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തുപോകുക എന്നാണ് സൂചന.കഴിഞ്ഞ വര്‍ഷത്തെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുശേഷം ഇന്ത്യൻ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായ പൂജാര രഞ്ജി ട്രോഫിയില്‍ ഈ സീസണില്‍ ഏഴ് ഇന്നിംഗ്സുകളില്‍ നിന്ന് ഒരു ഡബിള്‍ സെഞ്ചുറി ഉള്‍പ്പെടെ 89.66 ശരാശരിയില്‍ 538 റണ്‍സടിച്ചിട്ടുണ്ട്.