വിശാഖപട്ടണം : ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തോടെ ഇന്ത്യയുടെ ഹീറോയായിരിക്കുകയാണ് യശ്വസി ജയ്‌സ്വാള്‍.ഇന്ത്യയുടെ മറ്റ് ബാറ്റ്‌സ്മാന്‍മാരെല്ലാം നിരാശപ്പെടുത്തിയപ്പോഴും ഒരുവശത്ത് ഗംഭീര ഇരട്ട സെഞ്ച്വറി പ്രകടനത്തോടെ ജയ്‌സ്വാള്‍ കൈയടി നേടുകയായിരുന്നു. ആദ്യ ദിനം പുറത്താവാതെ 179 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ വിശ്വസ്തനായ ഓപ്പണറായി ജയ്‌സ്വാള്‍ മാറിക്കഴിഞ്ഞു.ഇപ്പോള്‍ പ്രമുഖരടക്കം ഇന്ത്യയുടെ ഭാവി ഹീറോയെന്ന് വിശേഷിപ്പിക്കുന്ന തലത്തിലേക്ക് ജയ്‌സ്വാള്‍ വളര്‍ന്നുകഴിഞ്ഞു. എന്നാല്‍ ഇന്നത്തെ നിലയിലേക്ക് എത്താന്‍ ജയ്‌സ്വാള്‍ സഹിച്ച യാദനകള്‍ ഏവരേയും അത്ഭുതപ്പെടുത്തുന്നതാണ്.
ദാരിദ്ര്യം നിറഞ്ഞ സാഹചര്യത്തോട് പടവെട്ടിയാണ് ജയ്‌സ്വാള്‍ ഇന്നത്തെ സൂപ്പര്‍ ഹീറോയായി മാറിയിരിക്കുന്നത്. പരിശീലനം നടത്താന്‍ പോലും വേണ്ടത്ര സൗകര്യമില്ലാത്ത ഗ്രാമത്തിലാണ് ജയ്‌സ്വാളിന്റെ ജനനം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രതികൂലമായ കാര്യങ്ങള്‍ നിരവധിയായിരുന്നെങ്കിലും ഇതിനോടെല്ലാം പടവെട്ടിയാണ് ജയ്‌സ്വാള്‍ ഇന്ന് ഇന്ത്യയുടെ ഓപ്പണറായി നില്‍ക്കുന്നത്. ജയ്‌സ്വാളിന്റെ പിതാവ് പാനിപ്പൂരി വില്‍പ്പനക്കാരനാണ്. ഉത്തര്‍ പ്രദേശുകാരനായ ജയ്‌സ്വാളിന്റെ വീട്ടിലെ സാഹചര്യം മോശമായതിനാല്‍ അങ്കിളിനൊപ്പമായിരുന്നു അദ്ദേഹം ചെറുപ്പത്തില്‍ താമസിച്ചിരുന്നത്. എന്നാല്‍ അധികം വൈകാതെ ഇവിടെ നിന്ന് ഇറങ്ങേണ്ടി വന്നു. പിന്നീട് പശുത്തൊഴുത്തില്‍ തല ചായ്ക്കാന്‍ ജയ്‌സ്വാളിന് ഇടം കണ്ടെത്തേണ്ടി വന്നു.
രാവിലെ എഴുന്നേറ്റ് പശുക്കളെ കറക്കാന്‍ ഉള്‍പ്പെടെ ജയ്‌സ്വാളിന് സഹായിക്കേണ്ടി വന്നു. ഇതിന് ശേഷമാണ് പരിശീലനത്തിനായി ജയ്‌സ്വാള്‍ സമയം കണ്ടെത്തിയിരുന്നത്. ജയ്‌സ്വാളിന്റെ സാഹചര്യം തിരിച്ചറിഞ്ഞ പരിശീലകനാണ് ചെറിയൊരു താമസസ്ഥലം ജയ്‌സ്വാളിന് ഒരുക്കി നല്‍കിയത്. നിത്യ ചിലവിനായി സ്‌റ്റേഡിയത്തില്‍ പാനിപ്പൂരി വില്‍പ്പനയും ജയ്‌സ്വാള്‍ നടത്തി. ക്രിക്കറ്റ് താരമാവാനുള്ള അതിയായ ആഗ്രഹത്തിനായി കഠിനമായി ജയ്‌സ്വാള്‍ പരിശീലനം നടത്തി.ജയ്‌സ്വാളിന്റെ പ്രതിഭ തിരിച്ചറിഞ്ഞ ജ്വാല സിങ് എന്ന പരിശീലകനാണ് ജയ്‌സ്വാളിന്റെ കരിയറില്‍ വലിയ മാറ്റമുണ്ടാക്കിയത്. നല്ല വസ്ത്രങ്ങളും ക്രിക്കറ്റ് കിറ്റുമടക്കം വാങ്ങി നല്‍കി ജയ്‌സ്വാളിനെ കൈപിടിച്ച് വളര്‍ത്തിയത് ജ്വാല സിങ്ങായിരുന്നു. 17ാം വയസില്‍ കാത്തിരിപ്പിന് വിരാമമിട്ട് മുംബൈ ടീമിലേക്ക് ജയ്‌സ്വാളിന് വിളി ലഭിച്ചു. വലിയ സ്വപ്‌നത്തിലേക്കുള്ള ജയ്‌സ്വാളിന്റെ ആദ്യ ചുവടുവെപ്പായിരുന്നു ഇത്. രഞ്ജി ട്രോഫിയില്‍ ഇരട്ട സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമായി ജയ്‌സ്വാള്‍ കൈയടി നേടി.
അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിലൂടെയാണ് ജയ്‌സ്വാള്‍ എല്ലാവരുടേയും ശ്രദ്ധ നേടിയെടുക്കുന്നത്. 88, 105*, 62, 57*, 29*, 59 എന്നിങ്ങനെയായിരുന്നു ജയ്‌സ്വാളിന്റെ സ്‌കോര്‍. ഈ പ്രകടനം വിലയിരുത്തി രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്ലിലേക്കുള്ള വാതില്‍ ജയ്‌സ്വാളിന് മുന്നില്‍ തുറന്നു. ലഭിക്കുന്ന അവസരങ്ങളെ നന്നായി മുതലാക്കുന്ന ജയ്‌സ്വാള്‍ അവസാന ഐപിഎല്‍ സീസണില്‍ സെഞ്ച്വറിയടക്കം നേടി ഹീറോയായി മാറി. ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലും കസറാന്‍ യുവതാരത്തിനായിരിക്കുകയാണ്.
22 വയസിനുള്ളില്‍ മൂന്ന് സെഞ്ച്വറിയാണ് താരം നേടിയത്. ഇതില്‍ നാട്ടില്‍ നേടിയ സെഞ്ച്വറിയും വിദേശത്ത് നേടിയ സെഞ്ച്വറിയും ഉള്‍പ്പെടും. സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ വമ്പന്‍ റെക്കോഡിനൊപ്പമെത്താനും ജയ്‌സ്വാളിനായി. ഭാവിയില്‍ ഇന്ത്യയുടെ നായകനായിവരെ വളരാന്‍ കെല്‍പ്പുള്ളവനാണ് ജയ്‌സ്വാള്‍. ബാല്യത്തിലെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇന്ന് ജയ്‌സ്വാള്‍ അനുഭവിക്കുന്ന മികച്ച കരിയറെന്ന് നിസംശയം പറയാം.
ശുബ്മാന്‍ ഗില്ലിനെയടക്കം പിന്നോട്ടിറക്കി ഇന്ത്യയുടെ പ്രധാന ഓപ്പണറായി മാറാന്‍ ജയ്‌സ്വാളിന് സാധിച്ചു. ഭാവിയില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖമായി ജയ്‌സ്വാളുണ്ടാവുമെന്നുറപ്പാണ്.