പെരിന്തല്‍മണ്ണ സ്റ്റാൻഡില്‍ പട്ടാപ്പകല്‍ യുവതിയെ കയറിപ്പിടിച്ചു; രണ്ട് മാസത്തിനു ശേഷം 29 കാരൻ പിടിയിൽ

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പട്ടാപ്പകല്‍ യുവതിയെ കയറി പിടിച്ച സംഭവത്തില്‍ രണ്ടുമാസത്തെ അന്വേഷണത്തിനൊടുവില്‍ പ്രതി പിടിയില്‍. എടത്തനാട്ടുകര പിലാച്ചോല സ്വദേശി കുളപ്പാറ വീട്ടില്‍ വിഷ്ണു (29) ആണ് അറസ്റ്റിലായത്. പെരിന്തല്‍മണ്ണ മൂസക്കുട്ടി ബസ് സ്റ്റാന്‍ഡില്‍ വച്ച്‌ യുവതിയെ കടന്നുപിടിച്ച്‌ മാനഹാനി വരുത്തിയെന്ന കേസിലാണ് പ്രതിയെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിനു ശേഷം ഓടി രക്ഷപ്പെട്ട പ്രതി വിവിധ സ്ഥലങ്ങളില്‍ നിര്‍മാണ മേഖലയിലും മറ്റും ജോലി ചെയ്യുകയായിരുന്നു. 2023 നവംബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. ഒറ്റപ്പാലം സ്വദേശിയായ യുവതി പെരിന്തല്‍മണ്ണയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറെ കാണാനായി ടൗണില്‍ ബസിറങ്ങി പിന്നീട് ഓട്ടോയില്‍ കയറാനായി ബസ് സ്റ്റാന്‍ഡിലൂടെ നടന്നു പോകുമ്പോഴാണ് പരസ്യമായി യുവതിയെ ഇയാള്‍ കയറി പിടിച്ചത്.

Advertisements

യുവതി എതിർത്തതോടെ പ്രതി ഓടിമറഞ്ഞു. യുവതി ആക്രമിയെ പിന്തുടരാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഓടിപ്പോവുകയായിരുന്നു. തുടര്‍ന്ന് പെരിന്തല്‍മണ്ണ പൊലീസിൽ യുവതി പരാതി നല്‍കി. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും മറ്റും വിശദമായി പരിശോധിച്ചു സമാന രൂപസാദൃശ്യമുള്ള നിരവധി പേരെ ചോദ്യം ചെയ്തു. തുടര്‍ന്നാണ് യഥാര്‍ഥ പ്രതിയിലേക്ക് എത്തിയത്. അന്വേഷണത്തില്‍ പ്രതി തിരുവനന്തപുരം ഭാഗത്ത് ജോലി ചെയ്യുന്നുണ്ടെന്നു കണ്ടെത്തി പൊലീസ് അവിടെയെത്തി പ്രതിയെ പിടികൂടുകയായിരുന്നു.
പെരിന്തല്‍മണ്ണ പൊലീസ് ഇന്‍സ്പെക്ടര്‍ എന്‍.എസ്. രാജീവിന്‍റെ നിര്‍ദേശ പ്രകാരം എസ്‌ഐ ഷിജോ സി. തങ്കച്ചനും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തില്‍ എസ്‌ഐ അഷ്റഫലി സീനിയര്‍ സിപിഒ ജയമണി, സിപിഒമാരായ കൃഷ്ണപ്രസാദ്, സജീര്‍, സല്‍മാന്‍, അബ്ദുല്‍ സത്താര്‍ എന്നിവരുമുണ്ടായിരുന്നു. യുവാവിനെ പെരിന്തല്‍മണ്ണ മജിസ്ട്രേറ്റ് കോടതിയുടെ ചുമതലയുള്ള മലപ്പുറം ജെഐഫ്സിഎം കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.