24 സംസ്ഥാനത്തെ വിവിധ കോളേജുകളിലുള്ള വിദ്യാർത്ഥികൾ ഒത്തു ചേരുന്നു; സഹ്യ -24 ദി മരിയൻ ഫെസ്റ്റ് ഫെബ്രുവരി 6,7,8 തീയതികളിൽ

കുട്ടിക്കാനം മരിയൻ കോളെജിലെ വിവിധ പഠന വകുപ്പുകളുടെ നേതൃത്വത്തിൽ ഫെബ്രുവരി 6,7,8 തീയതികളിൽ ‘സഹ്യ’ 24 – ദി മരിയൻ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ‘സഹ്യ’ 24 സംസ്ഥാനത്തെ വിവിധ കോളേജുകളിലുള്ള വിദ്യാർത്ഥികൾക്ക് ഒത്തു ചേരാനും അറിവ് പങ്കിടാനും അവസരങ്ങൾ ഒരുക്കുവാനും ഒപ്പം വിവിധ മത്സരങ്ങളിൽ പങ്കെടുക്കാനുമുള്ള വേദിയാണ്. ഇരുപത്തൊന്ന് ഓഫ് ലൈൻ മത്സരവും ഒൻപത് ഓൺലൈൻ മത്സരങ്ങളുമാണ് ഫെസ്റ്റിൽ സംഘടിപ്പിക്കുന്നത്.
മരിയൻ കോളേജിൻ്റെ മാനേജർ റവ.ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കൽ, പ്രിൻസിപ്പാൾ പ്രൊഫ. ഡോ. അജിമോൻ ജോർജ്, അഡ്മിനിസ്റേറ്റർ റവ.ഫാ. ജോസഫ് പൊങ്ങന്താനത്ത്, അലൻ കുര്യാക്കോസ്, സാന്ദ്രാ റോസ് ജോസഫ്, ഡോ.ഹരി ആർ.എസ്. തുടങ്ങിയവർ ഫെസ്റ്റിന് നേതൃത്വം വഹിക്കുന്നു.

Advertisements

ഇതര കോളേജ് ഫെസ്റ്റുകളിൽ നിന്നും വ്യത്യസ്‌തമായി ‘സഹ്യ24′ ലെ പ്രധാന ആകർഷണം “കമ്മ്യൂണിറ്റി ഫെസ്റ്റാണ്’. ആറാം തീയതി ചൊവ്വാഴ്‌ച പത്തുമണിയ്ക്ക് ഫെസ്റ്റ് പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകൻ ശ്രീ. അലക്‌സ് പോൾ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. കോഴിമല രാജാവ് ശ്രീ രാമൻ രാജമന്നാൻ വിശിഷ്‌ടാതിഥിയാകും. ഇടുക്കി ജില്ലയുടെ വൈവിദ്ധ്യം ഉയർത്തിക്കാണിക്കുന്ന മേള എന്ന സവിശേഷതയും മരിയൻ കോളേജും കമ്മ്യൂണിറ്റിയും തമ്മിലുള്ള സമഗ്രമായ സമന്വയവുമാണ് ‘സഹ്യ 24’ എന്ന കോമൺഫെസ്റ്റിലൂടെ സാധ്യമാകുന്നത്.
അക്കാദമിക് മത്സരങ്ങൾക്കപ്പുറം സാമൂഹികപ്രതിബദ്ധ വളർത്തിയെടുക്കാനും കമ്മ്യൂണിറ്റി അധിഷ്‌ഠിത പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുവാനും കമ്മ്യൂണിറ്റി ഫെസ്റ്റ് ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി നടത്തുന്ന വിവിധ പരിപാടികളാണ്‌ താഴെ പറയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മെഗാ ക്ലീനിംഗ് ഡ്രൈവ്

സമൂഹത്തിലും വിദ്യാർത്ഥികൾക്കുമിടയിൽ ഉത്തരവാദിത്ത ടൂറിസം നടപ്പിലാക്കുന്നതിനും ശുചിത്വാവബോധം ഉറപ്പു വരുത്തുന്നതിനുമായി ‘സഹ്യ 24’ സംഘടിപ്പിക്കുന്ന പരിപാടിയാണ് മെഗാ ക്ലീനിംഗ് ഡ്രൈവ്. അഞ്ചാം തീയതി തിങ്കളാഴ്‌ച പകൽ 9:30 ന് ഏലപ്പാറ മുതൽ വാഗമൺ വരെയുള്ള റോഡിലെ ശുചീകരണമാണ് ഇവിടെ നടപ്പാക്കുന്നത്. ഇടുക്കി ജില്ലാ കലക്‌ടർ ഷീബാ ജോർജ് ഉദ്ഘാടനം ചെയ്യും. ഇരുന്നൂറ്റിയമ്പതോളം വിദ്യാർത്ഥികളും ഇരുന്നൂറ്റമ്പതോളം ഹരിതകർമ്മസേന അംഗങ്ങളും, ശുചിത്വമിഷൻ കോ -ഓർഡിനേറ്ററും വിവിധ ജനപ്രതിനിധികളും പങ്കെടുക്കും.

കാൻസർ രോഗനിർണയ ക്യാമ്പ്

ഇടുക്കി ജില്ല ആരോഗ്യവകുപ്പുമായി സഹകരിച്ച് മുപ്പത്തിയഞ്ച് വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് കാൻസർ രോഗനിർണയവും ബോധവത്കരന്ന ക്യാമ്പും ആറാം തീയതി പകൽ 10 മണിക്ക് സംഘടിപ്പിക്കുന്നു.

കാർഷിക ക്ലിനിക്ക്

ഇടുക്കിയിലെ കർഷക സമൂഹത്തിന് ആദരവർപ്പിക്കുന്നതിനായി ആറാം തീയതി ചൊവ്വാഴ്‌ച പകൽ 10 മണിക്ക് കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള പാമ്പാടുംപാറ ഏലം ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞർ സംഘടിപ്പിക്കുന്ന ‘കാർഷിക ഫെസ്റ്റും’ ‘കാർഷിക ക്ലിനിക്കും’ സഹ്യ കമ്മ്യൂണിറ്റി ഫെസ്റ്റി’ൻ്റെ മാറ്റ് കൂട്ടുന്നതാണ്. ഇതോടൊപ്പം വിവിധ ഡിപ്പാർട്ടുമെൻറുകളുടെ എക്സിബിഷനുകളും സംഘടിപ്പിക്കുന്നു.

സഹ്യസാഹിതി

വിദ്യാർത്ഥികൾക്കും പ്രാദേശികവാസികൾക്കുമിടയിൽ സാഹിത്യാഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ‘സഹ്യസാഹിതി’ ലിറ്റററി ഇവന്റ് കമ്മ്യൂണിറ്റി ഫെസ്റ്റിവലിൽ സമന്വയിപ്പിക്കുന്നത്. ആറാം തീയതി ചൊവ്വാഴ്‌ച പകൽ 10:30 ന് പരിപാടി ആരംഭിക്കും. കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ഡോ.വിനിൽ പോൾ “കേരള ചരിത്രം, സംസ്കാരം: കൊളോണിയൽ, മിഷണറി സ്വാധീനം” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. കാഞ്ചിയാർ രാജൻ, അലീന, അല്ലി ഫാത്തിമ, മോബിൻ മോഹൻ തുടങ്ങിയ ഇടുക്കിയിലെ എഴുത്തുകാരെ ഉൾപ്പെടുത്തിക്കൊണ്ട് “നാടിൻ്റെ ഭാഷ: മലനാടിന്റെ സാഹിത്യലോകത്തിലേയ്ക്കെ‌ാരു യാത്ര” എന്ന വിഷയത്തിൽ ഓപ്പൺ ഫോറം എം എസ് ഡബ്ല്യു വിഭാഗം തലവൻ അജേഷ് പാറയ്ക്കൽ നയിക്കും.

നാട്യോത്സവം

ഭാരത സർക്കാർ സാംസ്‌കാരിക മന്ത്രാലയത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന തഞ്ചാവൂരിലെ സൗത്ത് സോൺ കൾച്ചറൽ സെൻ്ററുമായി സഹകരിച്ച് രാജ്യത്തുടനീളമുള്ള പരമ്പരാഗത കലാരൂപങ്ങളുടെ പ്രദർശനമാണ്’ നാട്യോത്സവം’.7, 8 തീയതികളിലാണ് നാട്യോത്സവം അരങ്ങേറുന്നത്. മഹാരാഷ്ട്രയിലെ ലാവണി,കോളി, ഗോണ്ടാൾസ്, തമിഴ്‌നാട്ടിലെ കരകാട്ടം, തപ്പാട്ടം,കാവടിയാട്ടം, പൊയ്ക്കാൽ നൃത്തം, കേരളത്തിലെ തിരുവാതിരകളി, ഒപ്പന മുതലായ കലാരൂപങ്ങൾ നാട്യോത്സവത്തിൽ ഉണ്ടായിരിക്കും.

കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. അജിമോൻ ജോർജ്, ‘സഹ്യ’24: ദി മരിയൻ ഫെസ്റ്റ്’ കോ-ഓർഡിനേറ്റർ അലൻ കുര്യാക്കോസ്, കമ്മ്യൂണിറ്റിഫെസ്റ്റ് കോ – ഓർഡിനേറ്റർ ഡോ. ഹരി ആർ.എസ്, പബ്ലിസിറ്റി കോ ഓർഡിനേറ്റർ രതീഷ് കുമാർ പി, ‘സഹ്യ’24 ദി: മരിയൻ ഫെസ്റ്റ്’ സ്റ്റുഡൻ്റ് കോ – ഓർഡിനേറ്റർ അലൻ ഷാജി, കമ്യൂണിറ്റിഫെസ്റ്റ് സ്റ്റുഡന്റ് കോ – ഓർഡിനേറ്റർ ഷേബ ബെന്നി എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Hot Topics

Related Articles