കൊച്ചി: ഹൈക്കോടതി വിമർശനത്തെ തുടർന്ന് ലോകായുക്തക്കെതിരായ പരാമർശം പിൻവലിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെ ഫോണില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലായിരുന്നു പരാമർശം. കർത്തവ്യ നിർവഹണത്തില്‍ ലോകായുക്ത പരാജയമാണെന്നായിരുന്നു ഹർജിയിലെ പരാമർശം. എന്നാല്‍ ഈ പരാമർശത്തെ ഹൈക്കോടതി വിമർശിച്ചിരുന്നു. ഉത്തരവാദിത്തമുള്ള പദവിയിലിരുന്ന് ഇത്തരം ഒരു പരാമർശം നടത്തിയത് ശരിയായില്ല എന്നായിരുന്നു വിമർശനം.
കോടതി വിമർശനത്തിന് പിന്നാലെ പരാമർശം പിൻവലിക്കുകയായിരുന്നു സതീശൻ.
കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് പരാമർശം പിൻവലിച്ചെന്ന് സതീശൻ അറിയിച്ചത്. മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടിയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പരാമർശം ഉണ്ടായതെന്നും വി ഡി സതീശൻ സത്യവാങ്മൂലത്തില്‍ പറയുന്നു. അതേസമയം, കെ ഫോണില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ഹർജി ഫെബ്രുവരി 29 ന് പരിഗണിക്കും.