കോട്ടയം : സംസ്ഥാനത്ത് വിദേശ സർവകലാശാലകൾ ആരംഭിക്കാനുള്ള ബജറ്റ് പ്രഖ്യാപനം സ്വാഗതാർഹമാണെന്ന് കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡൻ്റ് സിറിയക് ചാഴിക്കാടൻ പറഞ്ഞു. വിദേശത്തേയ്ക്ക് വിദ്യാഭ്യാസത്തിന് അടക്കം വിദ്യാർത്ഥികൾ കേരളത്തിൽ നിന്നും പോകുന്നത് ഇപ്പോൾ സ്ഥിരം കാഴ്ചയാണ്. വിദേശ സർവകലാശാലകൾ കേരളത്തിൽ എത്തുമ്പോൾ സാധാരണക്കാരായ വിദ്യാർഥികൾക്ക് വിദേശത്ത് പോകാതെ തന്നെ ഉപരിപഠന സാധ്യത ലഭ്യമാകും.
ഇത് കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതൽ ഉണർവേകും. വിദേശ സർവകലാശാലകൾ കേരളത്തിൽ എത്തുന്നതോടെ കൂടുതൽ വിദ്യാർത്ഥികൾക്ക് അവസരം തുറന്ന് വയ്ക്കും. കൂടുതൽ വിദ്യാർത്ഥികളും, കൂടുതൽ അധ്യാപകരും വിദേശത്ത് നിന്ന് കേരളത്തിലേയ്ക്ക് എത്തുന്നതോടെ കൂടുതൽ അവസരങ്ങൾ തുറന്ന് ലഭിക്കും. ഇത് സംസ്ഥാനത്തിൻ്റെ വിഭവ ശേഷിയെ കൂടുതൽ ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.