സിങ്കപ്പൂർ: ചൈനീസ് പുതുവർഷത്തില്‍ കുടുംബത്തിലേക്ക് ഒരു കുഞ്ഞിനെക്കൂടെ ചേർക്കാൻ വിവാഹിതരായ യുവദമ്പതിമാരോട് അഭ്യർഥിച്ച് സിങ്കപ്പുർ പ്രധാനമന്ത്രി ലീ സുൻ ലൂങ്ങ്. 12 വർഷത്തിലൊരിക്കല്‍ വരുന്ന വ്യാളിവർഷത്തില്‍ (year of the dragon) പിറക്കുന്ന കുട്ടികള്‍ കൂടുതല്‍ പ്രത്യേകതയുള്ളവരായിരിക്കുമെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ആഹ്വാനം. ഫെബ്രുവരി പത്തുമുതല്‍ അടുത്ത വർഷം ജനുവരി 28 വരെയാണ് ചൈനീസ് കലണ്ടർ പ്രകാരം വ്യാളിവർഷം. പുതുവർഷ സന്ദേശത്തിലാണ് സിങ്കപ്പുർ പ്രധാനമന്ത്രിയുടെ അഭ്യർഥന.
ശക്തിയുടേയും അധികാരത്തിന്റേയും ഭാഗ്യത്തിന്റേയും അടയാളമാണ് ഡ്രാഗണ്‍. കുടുംബത്തിലേക്ക് ഒരു ‘കുഞ്ഞു ഡ്രാഗണി’നെ കൂടി
ചേർക്കാനുള്ള മികച്ച സമയമാണിതെന്നും 1952-ലെ വ്യാളിവർഷത്തില്‍ ജനിച്ച ലീ സുൻ ലൂങ്ങ് പറഞ്ഞു. വേതനത്തോടെയുള്ള പിതൃത്വ അവധി രണ്ടാഴ്ചയില്നിന്ന് നാലാഴ്ചയായി ഉയർത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം നടപടികള്‍ രക്ഷിതാക്കളുടെ മേലുള്ള ഭാരം കുറയ്ക്കും. എന്നാല്‍ അവ സാഹചര്യമൊരുക്കല്‍ മാത്രമാണ്. ദമ്പതിമാർ തന്നെയാണ് കുട്ടികള്‍ വേണോയെന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. കൂടുതല്‍ പേർ മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു.