മുംബൈ : അഭ്യൂഹങ്ങളെല്ലാം ശരിയായി, ഇംഗ്ലണ്ടിനെതിരെ അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ സ്ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ വിരാട് കോലിയുടെ പേരുണ്ടായില്ല.ആദ്യ രണ്ട് ടെസ്റ്റുകളും നഷ്ടമായ കോലി അവശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ക്കൂടിയും കളിക്കില്ല എന്ന് ബിസിസിഐ വാര്‍ത്താക്കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു. എന്തുകൊണ്ടാണ് വിരാട് കോലി മത്സരങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്നത് എന്ന ആരാധകരുടെ ചോദ്യത്തിന് ബിസിസിഐ ടീം പ്രഖ്യാപന വേളയില്‍ ന്യായമായ മറുപടി നല്‍കുകയും ചെയ്തു. കോലിയുടെ സ്വകാര്യതയെ മാനിച്ചുകൊണ്ടുള്ള വിശദീകരണമാണ് ബിസിസിഐ നല്‍കിയത്.
‘വിരാട് കോലി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങളിലും വ്യക്തിപരമായ കാരണങ്ങളാല്‍ കാണില്ല. കോലിയുടെ തീരുമാനത്തെ ബഹുമാനിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് താരത്തിന് എല്ലാ പിന്തുണയും അറിയിക്കുന്നു’ എന്നും ബിസിസിഐയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. എന്തോ സുപ്രധാനമായ കാരണത്താലാണ് കോലി അവധിയെടുത്തിരിക്കുന്നത് എന്നും അല്ലായിരുന്നെങ്കില്‍ ഹോം സീരീസ് കോലി ഒഴിവാക്കുമായിരുന്നില്ലെന്നും ഇതോടെ ആരാധകര്‍ക്ക് വ്യക്തമായി. കോലി ശക്തമായി തിരിച്ചെത്തുമെന്നും എല്ലാ പിന്തുണയും കിംഗിന് അറിയിക്കുന്നതായും നിരവധി ട്വീറ്റുകള്‍ ടീം പ്രഖ്യാപനത്തിന് പിന്നാലെ പ്രത്യക്ഷപ്പെട്ടു. കോലിയുടെയും കുടുംബത്തിന്‍റെ സ്വകാര്യതയെ മാനിക്കുകയാണ് എന്നും ആരാധകര്‍ പറയുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ അത്യപൂര്‍വ കാഴ്ചയായി ഇത് മാറുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
താരങ്ങളുടെ സ്വകാര്യ ജീവിതം പലപ്പോഴും ഇന്ത്യന്‍ ക്രിക്കറ്റില്‍ വിലമതിക്കപ്പെടാറില്ല. മാത്രമല്ല, വ്യക്തിപരമായ കാരണം എന്ന് വ്യക്തമാക്കിയപ്പോഴും കോലിയുടെ സ്വകാര്യ കാരണങ്ങളെ കുറിച്ച് അധികം വിശദീകരിക്കാതിരിക്കാനും വാര്‍ത്താക്കുറിപ്പില്‍ ബിസിസിഐ ശ്രദ്ധിച്ചു.
ഇംഗ്ലണ്ടിനെതിരെ അവശേഷിക്കുന്ന മൂന്ന് ടെസ്റ്റ് മത്സരങ്ങളില്‍ കൂടി അവധിയെടുക്കുന്നതായി വിരാട് കോലി ബിസിസിഐയെ അറിയിച്ചതായാണ് സൂചന. ആദ്യ രണ്ട് ടെസ്റ്റുകളില്‍ കളിക്കില്ല എന്ന കാര്യം നേരത്തെ ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ വിരാട് അറിയിച്ചിരുന്നു. അന്നും വിരാട് കോലിക്ക് ബിസിസിഐ എല്ലാ പിന്തുണയും അറിയിച്ചിരുന്നുവെങ്കിലും താരം വിട്ടുനില്‍ക്കുന്നതിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനം പടരുകയായിരുന്നു.
അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ സ്ക്വാഡ്: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുമ്ര (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, കെ എല്‍ രാഹുല്‍, രജത് പാടിദാര്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജൂരെല്‍ (വിക്കറ്റ് കീപ്പര്‍), കെ എസ് ഭരത് (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ആകാശ് ദീപ്.