ബിന്നോയ്: ലോകകപ്പ് ഫൈനലിൽ ചേട്ടന്മാർക്കേറ്റ തോൽവിയ്ക്ക് പ്രതികാരം ചെയ്യാനിറങ്ങിയ അനുജന്മാർക്ക് വമ്പൻ തോൽവി. അണ്ടർ 19 ലോകകപ്പിൽ 79 റണ്ണിനാണ് ഇന്ത്യ ഓസ്ട്രേലിയയോട് തോറ്റത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പ്, ലോകകപ്പ് എന്നീ ഫൈനൽ തോൽവിയുടെ നീറുന്ന വേദനയുള്ള ഇന്ത്യയുടെ മുറിവിൽ മുളക് പുരട്ടുന്ന തോൽവിയായി അണ്ടർ 19 ലോകകപ്പ് ഫൈനലിലേത്.
സ്കോർ
ഓസ്ട്രേലിയ – 253-7
ഇന്ത്യ – 174
ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ഹാരി ഡിക്സൺ (42), ക്യാപ്റ്റൻ വെൽബോഗൺ (48), ഹർജാസ് സിംങ് (55), ഒലിവർ പീക്ക് (46) എന്നിവരാണ് ഓസ്ട്രേലിയയ്ക്ക് വേണ്ടി മികച്ച ബാറ്റിംങ് കാഴ്ച വച്ചത്. ഇന്ത്യയ്ക്കായി രാജ് ലിംബാനി മൂന്നും, നമാൻ തിവാരി രണ്ടും, സൗമി പാണ്ടേയും, മുഷീർഖാനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിംങിൽ ഒരു ഘട്ടത്തിൽ പോലും ഓസീസിന് വെല്ലുവിളി ഉയർത്താൻ ഇന്ത്യൻ ബാറ്റർമാർക്ക് സാധിച്ചില്ല. ഒരു ഘട്ടത്തിൽ 68 ന് നാല് എന്ന നിലയിൽ വീണ ഇന്ത്യ, വളരെ കഷ്ടപ്പെട്ടാണ് 174 ൽ എത്തിയത്. 47 റണ്ണെടുത്ത ഓപ്പണർ ആദർശ് സിംങാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. അവസാന ഓവറുകളിൽ മുരുകൻ അഭിഷേക് ആഞ്ഞടിച്ചത് തോൽവിഭാരം കുറച്ചു. 46 പന്തിൽ 42 റണ്ണെടുത്താണ് മുരുകൻ വീണത്.