ഇടുക്കി : കൈയേറിയ സ്വകാര്യ വ്യക്തിയില്‍ നിന്നും തിരിച്ചു പിടിച്ച മാട്ടുക്കട്ട ഗവ. എല്‍ പി. സ്കൂളിന്റെ ഭൂമിയില്‍ കുട്ടികള്‍ക്ക് കളിക്കാനുള്ള മൈതാനം നിർമിച്ചു തുടങ്ങി. കയ്യേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് അയ്യപ്പൻകോവില്‍ പഞ്ചായത്ത് നിയമ നടപടി തുടങ്ങിയതോടെ സ്വകാര്യ വ്യക്തി ഭൂമി ഉപേക്ഷിക്കുകയായിരുന്നു. അയ്യപ്പൻ കോവില്‍ പഞ്ചായത്തിൻറെ ഉടമസ്ഥതയിലുള്ള സ്കൂളിൻറെ 84 സെൻറില്‍ 54 സെൻറ് ഭൂമിയാണ് മുൻ റവന്യൂ ഉദ്യോഗസ്ഥനായ സമീപവാസി കൈയേറി കൈവശം വച്ചിരുന്നത്. കുട്ടികള്‍ക്ക് കളി സ്ഥലം ഇല്ലാതായതോടെ ഭൂമി തിരിച്ചു പിടിക്കണമെന്ന് പലതവണ പിടിഎ ആവശ്യപ്പെട്ടു. ഉടമസ്ഥാവകാശം സംബന്ധിച്ച് രേഖകള്‍ ഉണ്ടായിരുന്നിട്ടും ഭൂമി വീണ്ടെടുക്കാൻ മുൻ പഞ്ചാത്ത് ഭരണസമിതികള്‍ നടപടി സ്വീകരിച്ചില്ല.
ഉന്നത റവന്യൂ ഉദ്യോഗസ്ഥർ സ്വകാര്യ വ്യക്തിക്ക് അനുകൂലമായ നിലപാടു സ്വീകരിക്കുകയും ചെയ്തു. നിലവിലെ ഭരണസമിതിയുടെ മുന്നില്‍ വിഷയം എത്തിയതോടെ ഭൂമി വീണ്ടെടുക്കാൻ പഞ്ചായത്ത് നടപടി തുടങ്ങി. ജില്ലാ ഭരണകൂടത്തില്‍ നിന്നും അനുകൂല സമീപനം ഉണ്ടായതോടെ കഴിഞ്ഞ ദിവസം ഭൂമിയിലെ മരങ്ങള്‍ മുറിച്ചു മാറ്റി. വീണ്ടും കയ്യേറ്റമുണ്ടാകാതിരിക്കാൻ മതിലു കെട്ടി ഭൂമി സംരക്ഷിക്കും. ഒരു പഞ്ചായത്തില്‍ ഒരു മൈതാനം എന്ന പദ്ധതി പ്രകാരം കളി സ്ഥലം നിർമിക്കുന്നതിന് നാലുകോടി രൂപയുടെ പദ്ധതിയാണ് സമർപ്പിക്കുന്നത്. കുട്ടികള്‍ക്ക് കളിക്കാനിടം വേണമെന്ന നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യത്തിനും ഇതോടെ പരിഹാരമാകും. പിടിഎയും നാട്ടുകാരും നടത്തിയ പോരാട്ടങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമൊടിവിലാണ് ഭൂമി തിരിച്ചുപിടിക്കാനായത്.