മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഞെട്ടിക്കുന്ന ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്.. ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള മേക്കോവറിലാണ് ഫസ്റ്റ് ലുക്കില്‍ അദ്ദേഹമുള്ളത്. തല മൊട്ടയടിച്ച് താടി വളര്‍ത്തിയ ലുക്കാണ് ചിത്രത്തില്‍.ഡി ഗാമയുടെ നിധി കാക്കുന്ന ബറോസ് എന്ന ഭൂതമായി മോഹന്‍ലാല്‍ എത്തുന്ന ചിത്രമാണ് ബറോസ്. ത്രീഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. പ്രതാപ് പോത്തന്, വിദേശ നടി പാസ് വേഗ എന്നിവര്‍ ചിത്രത്തിന്റെ ഭാഗമാണ്. മൈഡിയര്‍ കുട്ടിച്ചാത്തന്റെ സ്രഷ്ടാവ് ജിജോ പുന്നൂസിന്റെ രചനയിലാണ് ബറോസ് വരുന്നത്. ഛായാഗ്രഹണം സന്തോഷ് ശിവന്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്, ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.
കോവിഡ് സാഹചര്യങ്ങളാല്‍ ബറോസിന്റെ ചിത്രീകരണം ഈ വര്‍ഷം മധ്യത്തില്‍ നിര്‍ത്തിവയ്ക്കേണ്ടി വന്നിരുന്നു. രണ്ടാം ലോക്ഡൗണിന് മുമ്പാണ് ബറോസിന്റെ ഷൂട്ടിങ് കൊച്ചിയില്‍ ആരംഭിച്ചത്. ഡിസംബര്‍ 26 നാണ് ചിത്രീകരണം പുനരാരംഭിച്ചത്.ഇതുവരെ ഷൂട്ട് ചെയ്ത ഭാഗങ്ങളില്‍ പലതും റീഷൂട്ട് ചെയ്യേണ്ടി വരുമെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുട്ടിയുടെ രൂപം മാറിയതും മറ്റുമാണ് കാരണം. വിദേശിയായ ഷെയ്ല മാക് കഫ്രി എന്ന പെണ്‍കുട്ടിയെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായി ആദ്യം തീരുമാനിച്ചത്. ഷൂട്ടിങ് അനശ്ചിത്വത്തിലായതോടെ കുട്ടിയുടെ പ്രായവും വളര്‍ച്ചയും തടസ്സമായി. മുംബൈ സ്വദേശിയായ മായയാണ് ഷെയ്ലയ്ക്ക് പകരക്കാരിയായി എത്തുന്നത്.