ചെന്നൈ : ഐഎസ്എൽ കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ മൂന്നാം തോൽവി. ചെന്നൈയിൻ എഫ് സിക്കെതിരായ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയം രുചിച്ചത്. അറുപതാം മിനിറ്റിൽ ആകാശ് സാങ് വാനാണ് ചെന്നൈയുടെ വിജയഗോൾ നേടിയത്. ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സ് മികച്ച കളി പുറത്തെടുത്തെങ്കിലും രണ്ടാം പകുതിയിൽ ചെന്നൈ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. ബ്ലാസ്റ്റേഴ്സ് ഗോളി സച്ചിൻ സുരേഷ് പരിക്കേറ്റ് പുറത്ത് പോയതും കേരള കൊമ്പന്മാർക്ക് തിരിച്ചടിയായി. എൺപത്തിയൊന്നാം മിനിറ്റിൽ അങ്കിത് മുഖർജി രണ്ടാം മഞ്ഞക്കാർഡ് നേടി പുറത്ത് പോയതോടെ പത്ത് പേരായി ചുരുങ്ങിയെങ്കിലും ചെന്നൈയുടെ പ്രതിരോധം മറികടക്കാൻ ബ്ലാസ്റ്റേഴ്സിനായില്ല. 2024 തുടങ്ങിയ ശേഷം ഐ എസ് എല്ലിൽ കളിച്ച മൂന്ന് മത്സരങ്ങളിലും പരാജയം ഏറ്റ് വാങ്ങിയതോടെ ഇനിയുള്ള മത്സരങ്ങൾ ബ്ളാസ്റ്റേഴ്സിന് നിർണ്ണായകമായിരിക്കുകയാണ്.