പത്തനംതിട്ട: ഏനാത്ത് മുതല്‍ പന്തളം വരെ ഉള്ള കെഎസ്ടിപി റോഡിന്റെ ഫുട്പാത്തിലെ കച്ചവടം അവസാനിപ്പിക്കണമെന്ന് താലൂക്ക് വികസന സമതി യോഗം. ഏനാത്ത് മുതല്‍ പന്തളം വരെ റോഡിന്റെ ഇരുവശങ്ങളിലും ഉള്ള ഫുട്പാത്തില്‍ ആളുകള്‍ കൈയേറി കച്ചവടം നടത്തുന്നുണ്ട്. ഫുട്പാത്തിലെ കച്ചവടം അവസാനിപ്പിക്കുന്നതിന് കെഎസ്ടിപിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പോലീസുമായി ചേര്‍ന്ന് പരിശോധന നടത്തി ഫുട്പാത്ത് കൈയേറി കച്ചവടം നടത്തുന്ന ആളുകളെ ഒഴിപ്പിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനായ അടൂര്‍ താലൂക്ക് വികസന സമിതി യോഗം നിര്‍ദേശിച്ചു.
ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും അടിയന്തരമായി പത്താം തീയതിക്കുള്ളില്‍ ട്രാഫിക് ഉപദേശക സമിതി കൂടി ഗതാഗത പരിഷ്‌കരണത്തിന് ആവശ്യമായ നടപടി സ്വീകരിക്കാനും യോഗം തീരുമാനം എടുത്തു. കുടിവെള്ളപ്രശ്‌നം പരിഹരിക്കുന്നതിന് അടിയന്തിരമായി വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് പൈപ്പ് പൊട്ടുന്നത് അടക്കമുള്ള വിഷയങ്ങളില്‍ നടപടി സ്വീകരിക്കുന്നതിനും യോഗം തീരുമാനമെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പല സ്ഥലത്തും സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അങ്ങനെ ഉള്ളയിടങ്ങളില്‍ സിവില്‍ സപ്ലൈസ് വകുപ്പ് ബന്ധപ്പെട്ട് വിലവിവരപ്പട്ടിക പ്രസിദ്ധികരിക്കാന്‍ നിര്‍ദേശം നല്‍കാനും യോഗം തീരുമാനിച്ചു. കെഎസ്ടിപി റോഡിന്റെ സൈഡില്‍ ഉള്ള ലൈറ്റുകള്‍ അടിയന്തരമായി പ്രകാശിപ്പിക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കാനും യോഗം തീരുമാനിച്ചു. മുട്ടാര്‍ നീര്‍ച്ചാല്‍, പള്ളിക്കലാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സര്‍വേ ടീമിന്റെ സഹായത്തോടെ സര്‍വേ നടത്തുമെന്ന് ചുമതലയുള്ള തഹസില്‍ദാര്‍ യോഗത്തില്‍ അറിയിച്ചു.
അടൂര്‍ കോടതി സമുച്ചയത്തിലെ കെട്ടിടനിര്‍മാണം പൂര്‍ത്തീകരിക്കുന്നതിന് മണ്ണെടുത്ത് മാറ്റുന്നതിനും അവ നീക്കം ചെയ്യുന്നതിനും തഹസില്‍ദാരെ ചുമതലപ്പെടുത്തി. കെഎപി കനാലിന്റെ വശങ്ങള്‍ മെയിന്റനന്‍സ് ചെയ്യുന്നതിനും അവിടുത്തെ കാടുകള്‍ വെട്ടി വൃത്തിയാക്കുന്നതിനും കെഎപി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. അടൂര്‍ റവന്യൂ ടവറില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നം, അതുപോലെ തകരാര്‍ ആയിരിക്കുന്ന ലിഫ്റ്റ് പ്രവര്‍ത്തനക്ഷമമാക്കുന്നതും ഹൗസിംഗ് ബോര്‍ഡ് ചെയര്‍മാനെ അറിയിക്കുന്നതിനും യോഗം തീരുമാനമെടുത്തു. അടൂര്‍ റിംഗ് റോഡുമായി ബന്ധപ്പെട്ട സര്‍വേ ചെയ്യുന്നതിന് അഞ്ചാം തീയതിക്കുള്ളില്‍ സര്‍വേ ടീമിനെ നിശ്ചയിക്കാനും തീരുമാനം എടുത്തു.വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ മുണ്ടയ്ക്കല്‍ ശ്രീകുമാര്‍, എം.ആര്‍. ജയപ്രസാദ്, സാംസണ്‍ ഡാനിയല്‍, കെ.ആര്‍. ചന്ദ്രമോഹനന്‍, ശശി പൂങ്കാവ്, സാബുഖാന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.