ചെന്നൈ : പ്രതിസന്ധികളെയും പ്രതികൂല അവസ്ഥകളെയും മറികടന്ന് വിജയം നേടുന്നവർ എപ്പോഴും എല്ലാവർക്കും പ്രചോദനമാണ്. അത്തരത്തില്‍ എല്ലാവർക്കും പ്രചോദനമാകുകയാണ് തമിഴ്നാട്ടിലെ തിരുവണ്ണാമല പുലിയൂർ സ്വദേശിനി വി ശ്രീപതി എന്ന പെണ്‍കുട്ടി. തമിഴ്നാട്ടിലെ മലയാളി ഗോത്രവിഭാഗത്തില്‍ നിന്നുള്ള പെണ്‍കുട്ടിയാണ് ശ്രീപതി. 23ാമത്തെ വയസ്സില്‍ ഗോത്രവർഗ വിഭാഗത്തില്‍ നിന്നുള്ള ആദ്യ വനിത ജഡ്ജി എന്ന് അഭിമാനനേട്ടത്തിന്റെ നെറുകയിലാണ് ശ്രീപതി ഇപ്പോള്‍. തമിഴ്നാട്ടില്‍ യേലഗിരി കുന്നില്‍ വിദ്യാഭ്യാസം നേടിയ ശ്രീപതി പ്ലസ് ടൂ കഴിഞ്ഞതിന് ശേഷം നിയമബിരുദത്തിന് പ്രവേശനം നേടി. പഠിക്കാൻ മിടുക്കിയായിരുന്നു ശ്രീപതി. നിയമപഠനം പൂർത്തിയാക്കുന്നതിന് മുമ്പായിരുന്നു ശ്രീപതിയുടെ വിവാഹം.
വിവാഹിതയായിട്ടും ശ്രീപതി പഠനം തുടർന്നു. തുടർന്ന് ഗർഭിണി ആയിരിക്കേ ടിഎന്‍പിഎസ്‌സി സിവില്‍ ജഡ്ജ് പരീക്ഷ (തമിഴ്‌നാട് സ്റ്റേറ്റ് ജുഡീഷ്യല്‍ സർവീസ്) എഴുതുന്നതിനായുള്ള തയ്യാറെടുപ്പ് നടത്തി. കഴിഞ്ഞ വർഷം നവംബറിലായിരുന്നു മെയിൻ പരീക്ഷയുടെ തീയതി. പ്രസവത്തിനായുള്ള തീയതിയും അതേ മാസത്തില്‍ തന്നെയായിരുന്നു. പരീക്ഷ തീയതിക്ക് 2 ദിവസങ്ങള്‍ക്ക് മുമ്പ് ശ്രീപതിയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും കുഞ്ഞ് ജനിക്കുകയും ചെയ്തു. എന്നാല്‍ പരീക്ഷയെഴുതുന്നതില്‍ നിന്നും പിൻമാറാൻ ശ്രീപതി തയ്യാറായിരുന്നില്ല. പ്രസവം കഴിഞ്ഞ് വെറും രണ്ട് ദിവസം മാത്രം പിന്നിട്ടപ്പോള്‍, ഡോക്ടറുടെ നിർദേശ പ്രകാരം ശ്രീപതി കൈക്കുഞ്ഞിനെയും കൊണ്ട് സിവില്‍ ജഡ്ജ് പരീക്ഷ എഴുതാൻ പോയി.
കിലോമീറ്ററുകള്‍ താണ്ടിയാണ് ശ്രീപതി പരീക്ഷക്കായി എത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആറ് മാസത്തെ പരിശീലനം പൂർത്തിയാക്കിയ ശേഷം ഈ ശ്രീപതി സിവില്‍ ജഡ്ജിയായി സ്ഥാനമേല്‍ക്കും. തമിഴ്‌നാട് പബ്ലിക് സർവീസ് കമ്മീഷൻ ഓഫീസിന് മുന്നില്‍ തന്റെ പെണ്‍കുഞ്ഞിനൊപ്പം ശ്രീപതി നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തമിഴ്നാടി മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഉള്‍പ്പെടെയുള്ളവർ ശ്രീപതിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഒരു മലയോര ഗ്രാമത്തില്‍ നിന്ന് അധികം സൗകര്യങ്ങളൊന്നുമില്ലാത്ത, ആദിവാസി സമൂഹത്തില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി ഇത്തരത്തിലൊരു പദവിയിലേക്ക് എത്തിയതില്‍ ഞാൻ സന്തോഷിക്കുന്നു. അവർക്ക് പിന്തുണ നല്‍കിയ മാതാപിതാക്കള്‍ക്കും ഭർത്താവിനും അഭിനന്ദനം അറിയിക്കുന്നു എന്നും എംകെ സ്റ്റാലിൻ പറഞ്ഞു. ഉദയനിധി സ്റ്റാലിനും ശ്രീപതിയെ അഭിനന്ദിച്ചിരുന്നു.