വാകത്താനം: പുതുവര്‍ഷത്തില്‍ മോഹനനും കുടുംബവും ചുവട് വയ്ക്കുന്നത് പുതിയ ജീവിതത്തിലേക്ക് കൂടിയാണ്. ജോലിക്കിടയില്‍ നേരിട്ട അപകടത്തെ തുടര്‍ന്ന് നടുവിന് ക്ഷതംപറ്റി ചികിത്സയില്‍ കഴിയുന്ന വാകത്താനം പഞ്ചായത്ത് പതിനൊന്നാം വാര്‍ഡിലെ മോഹനന്റെ ജീവിതത്തിന് പുതുനിറം പകര്‍ന്ന് വാകത്താനം പഞ്ചായത്ത്. ലൈഫ് മിഷന് പദ്ധതിയിലൂടെ ലഭിച്ച വീടിന്റെ ജോലികള്‍ ഏറ്റെടുത്ത കരാറുകാരന് ജോലിപൂര്ത്തീകരിച്ചു നല്‍കാതെ നാടുവിട്ടതോടെ വീടെന്ന സ്വപ്നം പൊലിഞ്ഞു. അപകടത്തിന്റെ അനന്തര ഫലമായി ചികിത്സ തുടരുന്ന മോഹനന്റെ വീട്ടില്‍ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററിന്റെ സഹായത്താല്‍ ജീവിതം തള്ളിനീക്കുന്ന മാതാവും, രോഗിയായ ഭാര്യയും രണ്ട് പെണ്മക്കളുമാണ്. വീടിന്റെ ചിലവും ചികിത്സാ ഭാരവും ഒന്നിച്ചു വന്നതോടെ മോഹനന്റെ വീടെന്ന സ്വപ്നം പൊലിഞ്ഞു. വാടക വീട്ടില്‍ കഴിയുന്ന ഇവര്‍ക്ക് വരുമാന മാര്‍ഗ്ഗമില്ലാത്തതിനാല്‍ വാടക നല്കുവാനും കഴിയാത്ത അവസ്ഥയായിരുന്നു.
അത് ശ്രദ്ധയില്‍പ്പെട്ട വാകത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മത്തായിയും വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ അരുണിമ പ്രദീപും മോഹനന്റെ വീട് സന്ദര്‍ശിച്ചു സഹായം വാഗ്ദാനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മത്തായിയുടെ ഇടപെടലിനെ തുടര്‍ന്ന് വാകത്താനം ഉണ്ണാമറ്റം ജംഗ്ഷനില്‍ കെട്ടിട സമുച്ചയം നിര്‍മ്മിക്കുന്ന റോയല്‍ കാസ്റ്റല്‍ ഗ്രൂപ്പ് ജനല്‍ ഉയരത്തില്‍ മാത്രം എത്തിയ വീടിന്റെ തുടര്‍ന്നുള്ള ജോലികള്‍ ഏറ്റെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇലക്ട്രിക്കല്‍, പ്ലബിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ പൂര്‍ത്തീകരിച്ച് മനോഹരമായി പണിത വീടിന്റെ താക്കോല്‍ ദാനം വാകത്താനം പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മത്തായി പുതുവത്സര ദിനത്തില്‍ നിര്‍വഹിച്ചു.പഞ്ചായത്ത് സെക്രട്ടറി അനില്‍ കുമാര്‍, റോയല്‍ കാസ്റ്റല്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ സോജി സി മറ്റത്തില്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്പേഴ്ണ് അരുണിമ പ്രദീപ്, പതിനൊന്നാം വാര്‍ഡ് മെമ്പര്‍ ജെസ്സി ബിനോയ്, പഞ്ചായത്ത് അംഗങ്ങളായ കോരസണ്‍ സഖറിയ, ഗീത രാധാകൃഷ്ണന്, റോയല്‍ കാസ്റ്റല്‍ കണ്‍സ്ട്രക്ഷന്‍സ് സൂപ്പര്‍വൈസര്‍ കെ. ജെ വര്‍ഗീസ്, സി പി ഐ (എം) ബ്രാഞ്ച് സെക്രട്ടറി വിശാഖ് രാജേന്ദ്രന്, പി. കെ. ഗിരീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. മോഹനന്റെ ദുരവസ്ഥ ആദ്യം സമൂഹ മാധ്യമത്തില്‍ കുറിച്ചത് പൊതുപ്രവര്‍ത്തകനായ ഗിരീഷ് കുമാറാണ് ഇത് ശ്രദ്ധയില്‍ പെട്ട തോടെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മുടങ്ങി കിടന്ന വീടുപണി പൂര്‍ത്തീകരിച്ച് നല്‍കുകയായിരുന്നു.