കൊച്ചി : 24 മണിക്കൂർ ഇരുട്ടില്‍ നിന്ന എറണാകുളം കളക്ടേറ്റില്‍ ഒടുവില്‍ വൈദ്യുതി പുനസ്ഥാപിച്ച് കെ എസ് ഇ ബി. മാർച്ച് 31 നകം 57ലക്ഷം രൂപയുടെ കുടിശ്ശിക അടച്ച് തീർക്കുമെന്ന ജില്ല കളക്ടറുടെ ഉറപ്പിലാണ് ഊരിയ ഫ്യൂസ് പുനസ്ഥാപിച്ചത്. കളക്ടേറ്റില്‍ ഒന്നരക്കോടി രൂപ മുതല്‍ മുടക്കി സ്ഥാപിച്ച സോളാർ പാനല്‍ ഉപയോഗശൂന്യമായി കിടക്കുമ്ബോഴാണ് കുടിശ്ശികയില്‍ കെ എസ് ഇ ബി ഫ്യൂസ് ഊരിയത്. ജില്ല ഭരണസിരാകേന്ദ്രത്തെ 24 മണിക്കൂറാണ് ഇരുട്ടില്‍ നിർത്തിയത്. പ്രധാനപ്പെട്ട 30 ഓഫീസുകളും നിശ്ചലമായി. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയില്‍ വലിയ ചർച്ചകള്‍ ഉയർന്നതോടെ തിരക്കിട്ട നടപടികളെടുത്ത് നാണക്കേടില്‍ നിന്ന് തലയൂരുകയാണ് ജില്ല ഭരണകൂടം. ചീഫ് സെക്രട്ടറി വരെ ഇടപെട്ടു. കെ എസ് ഇ ബി സി എം ഡിയുമായും ചർച്ച നടത്തി. ഉടൻ ബില്ല് അടയ്ക്കുക ഇല്ലെങ്കില്‍ കളക്ടർ ഉറപ്പ് നല്‍കുക എന്ന സമവായത്തിലാണ് ഒടുവില്‍ തീരുമാനം.
കളക്ടേറ്റിലെ വിവിധ ഓഫീസുകള്‍ നല്‍കേണ്ട 57 ലക്ഷം രൂപ കുടിശ്ശിക മാർച്ച് 31 നകം അടച്ച് തീർക്കുമെന്ന ജില്ല കളക്ടറുടെ ഉറപ്പിലാണ് കെ എസ് ഇ ബി വഴങ്ങിയത്. 13 കണക്ഷനുകളാണ് വിഛേദിച്ചെങ്കിലും 30 ഓഫീസുകള്‍ ഇന്നലെ രാവിലെ മുതല്‍ ഇരുട്ടിലായി. ഓരോ ഓഫീസിനും പ്രത്യേകം കണക്ഷനുകള്‍ എടുക്കണമെന്ന നിർദ്ദേശം ജില്ല ഭരണകൂടം പാലിച്ചിരുന്നില്ല. ഇതാണ് ബില്ലടച്ചിട്ടും പല ഓഫീസുകളും ഇരുട്ടിലായതിന് കാരണമെന്നും കെഎസ്ഇബി. ഒടുവില്‍ പരിഹാരനടപടികള്‍ തുടങ്ങിയതായി ജില്ല ഭരണകൂടം അറിയിച്ചു. സാമ്ബത്തിക പ്രതിസന്ധിയില്‍ ഫ്യൂസൂരി നില്‍ക്കുമ്ബോഴാണ് കളക്ടറേറ്റ് ടെറസ്സില്‍ ഈ കാഴ്ച. 2016ല്‍ ഒന്നരക്കോടി രൂപ മുടക്കി സ്ഥാപിച്ചതാണ് ഈ സോളാർ പാനലുകള്‍. 60കിലോ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാം. കളക്ടറേറ്റിലെ ആവശ്യം കഴിഞ്ഞുള്ളത് കെ എസ് ഇ ബി ക്ക് നല്‍കും. പ്രഖ്യാപനങ്ങള്‍ക്ക് കുറവുണ്ടായില്ല. എന്നാല്‍ ഏതാനും മാസം ഉപയോഗിച്ച ശേഷം പരിപാലനവും അറ്റകുറ്റപ്പണിയും മുടങ്ങി. ഇതോടെ പൊടിപിടിച്ച് കട്ടപ്പുറത്തായി സോളാർ പാനലുകള്‍. ഇക്കാര്യം മാധ്യമങ്ങള്‍ ചർച്ചയാക്കിയതോടെ പാനലുകള്‍ വീണ്ടെടുക്കാൻ അനെർട്ടുമായി ചർച്ച തുടങ്ങുമെന്നാണ് ജില്ല ഭരണകൂടത്തിന്റെ വിശദീകരണം.