ഡല്‍ഹി: വന്യജീവിയാക്രമണം നേരിടാൻ ഫണ്ടില്ലാതെ പൊറുതിമുട്ടുന്ന വനംവകുപ്പിന് കേന്ദ്ര ജി.എസ്.ടി. വകുപ്പിന്റെ ഇരുട്ടടി.ഇക്കോ ടൂറിസം പദ്ധതിയെ പ്രോത്സാഹിപ്പിക്കുന്ന പെരിയാർ, പറമ്പിക്കുളം കടുവസങ്കേതങ്ങള്‍ക്ക് അതുമായി ബന്ധപ്പെട്ട നികുതിബാധ്യതയുടെ പേരില്‍ മൊത്തം 8.13 കോടി രൂപയുടെ ജി.എസ്.ടി. പിഴ കേന്ദ്ര ജി.എസ്.ടി. വകുപ്പ് ചുമത്തി.പെരിയാർ കടുവ ഫൗണ്ടേഷന് 5,16,70,570 രൂപയുടെയും പറമ്ബിക്കുളം ഫൗണ്ടേഷന് 2,96,06,200 രൂപയുടെയും പിഴയാണ് ജി.എസ്.ടി. വകുപ്പ് ചുമത്തിയത്. ജി.എസ്.ടി. നടപ്പാക്കിത്തുടങ്ങിയ 2017-’18 മുതല്‍ 2022-’23 വരെയാണ് ഇത്രയുംകാലത്തെ ജി.എസ്.ടി. കുടിശ്ശികയും അതിന്റെ പിഴയും ചുമത്തി കേന്ദ്ര ജി.എസ്.ടി. അധികൃതർ ഉത്തരവിറക്കിയത്. കഴിഞ്ഞ ഡിസംബർ 19-നാണ് ഇതുസംബന്ധിച്ച് കൊച്ചിയിലെ സെൻട്രല്‍ ജി.എസ്.ടി. ജോയന്റ് കമ്മിഷണർ ഉത്തരവിറക്കിയത്.വന്യമൃഗ ആക്രമണം തടയാൻ 620 കോടിയുടെ പദ്ധതി സമർപ്പിച്ച് കേന്ദ്ര സഹായധനത്തിനായി കാത്തിരിക്കുന്നതിനിടയിലാണ് സംസ്ഥാനത്തിനുമേല്‍ ജി.എസ്.ടി. പിഴയുടെ ഭാരവും വീണത്. വന്യജീവിയാക്രമണത്തിനിരയാകുന്നവർക്ക് നഷ്ടപരിഹാരം നല്കുന്നതിനുമാത്രം ഓരോ വർഷവും വനംവകുപ്പ് 10 കോടിവീതം ചെലവിടേണ്ടിവരുന്നെന്നും കേന്ദ്രത്തിനുനല്‍കിയ നിവേദനത്തില്‍ വനംവകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു.