തിരുവനന്തപുരം : കേരള സർവകലാശാല സെനറ്റ് യോഗത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി ആർ. ബിന്ദു അധ്യക്ഷത വഹിച്ചതിനെതിരേ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റെ റിപ്പോർട്ട്. വി.സി. വിളിച്ച യോഗത്തില്‍ മന്ത്രി സ്വന്തം നിലയ്ക്ക് അദ്ധ്യക്ഷയായി എന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. സെനറ്റില്‍ പാസാക്കിയെന്ന് പറയുന്ന പ്രമേയം അജണ്ടയില്‍ ഇല്ലാത്തതാണെന്നും റിപ്പോർട്ടില്‍ കുറ്റപ്പെടുത്തുന്നു. വൈസ് ചാൻസലറെ കണ്ടെത്താനായി സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് യോഗത്തില്‍ പ്രതിപക്ഷ അംഗങ്ങളും ഗവർണറുടെ നോമിനേറ്റഡ് അംഗങ്ങളും നല്‍കിയ പേരുകള്‍ റിപ്പോർട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെർച്ച് കമ്മിറ്റിയിലേക്കുള്ള നോമിനികളുടെ പേരും കൈമാറി.
യോഗത്തിന്റെ അധ്യക്ഷയായത് ചട്ടലംഘനമെന്ന് പറഞ്ഞിട്ടും മന്ത്രി അത് കണക്കിലെടുത്തില്ല, പകരം ചാൻസലറുടെ അസാന്നിദ്ധ്യത്തില്‍ തനിക്ക് അധ്യക്ഷ ആകാമെന്നായിരുന്നു മന്ത്രിയുടെ വാദം. വിഷയത്തില്‍ പ്രോ ചാൻസലറായ മന്ത്രി ആർ. ബിന്ദുവിന്റെ അധ്യക്ഷതയില്‍ യോഗം ചേർന്നതിന്റെ നിയമവശങ്ങളടക്കം പരിശോധിച്ച ശേഷമായിരിക്കും ഗവർണർ തുടർ നടപടികളിലേക്ക് കടക്കുക. വൈസ് ചാൻസലറെ നിയമിക്കാനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ തീരുമാനിക്കുന്നതിന് വേണ്ടിയാണ് സെനറ്റ് യോഗം വിളിച്ചത്. എന്നാല്‍ മന്ത്രി, വി.സിയെ മറികടന്ന് അധ്യക്ഷയാകുകയും സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നല്‍കേണ്ടതില്ലെന്ന പ്രമേയം അവതരിപ്പിച്ച് പാസാക്കുകയും ചെയ്തു. എന്നാല്‍ വിഷയത്തില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമോപദേശവും തേടിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സെനറ്റ് യോഗത്തിന്റെ തീരുമാനം ചാൻസലർ കൂടിയായ ഗവർണർക്ക് റദ്ദാക്കാനാകും. സെനറ്റ് യോഗവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികള്‍ കൂടി പരിഗണിച്ചാണ് വിശദമായ റിപ്പോർട്ട് ഗവർണർ ആവശ്യപ്പെട്ടത്. വിവാദമായ സെനറ്റ് യോഗത്തിന് ശേഷം വൈസ് ചാൻസലർ മോഹനൻ കുന്നുമ്മല്‍ ഗവർണറെ സന്ദർശിച്ച് സെനറ്റ് യോഗത്തില്‍ നടന്ന കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. സെനറ്റ് യോഗത്തിന്റെ തീരുമാനം റദ്ദാക്കുകയാണെങ്കില്‍ വീണ്ടും യോഗം ചേർന്ന് പ്രതിനിധിയെ നിശ്ചയിക്കാൻ ഗവർണർക്ക് ആവശ്യപ്പെടുകയോ അല്ലെങ്കില്‍ സർവകലാശാല പ്രതിനിധിയില്ലാതെ സ്വന്തം നിലയ്ക്ക് സെർച്ച് കമ്മിറ്റി രൂപവത്കരിക്കുകയോ ചെയ്യാം.