മണർകാട്: ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ സൂനോറോ പെരുന്നാളും പെരുമ്പള്ളി തിരുമേനി അനുസ്മരണവും 25ന് നടത്തും.1982ൽ കാലം ചെയ്ത പരിശുദ്ധ ഇഗ്നാത്തിയോസ് സാഖാ ഐവാസ് പ്രഥമൻ പാത്രിയർക്കീസ് ബാവ പരിശുദ്ധ ദൈവമാതാവിന്റെ ഇടക്കെട്ട് കത്തീഡ്രലിൽ സ്ഥാപിച്ചതിന്റെ ഓർമ്മയ്ക്കായിട്ടാണ് 25ന് സൂനോറൊ പെരുന്നാൾ ആചരിക്കുന്നത്. സൂനോറൊ സ്ഥാപിച്ച ദിവസം എല്ലാ വർഷവും പെരുന്നാളായി ആചരിക്കണമെന്ന് അന്നത്തെ കോട്ടയം ഭദ്രാസനാധിപനായായിരുന്ന ഗീവർഗീസ് മോർ ഗ്രീഗോറിയോസ് (പെരുമ്പള്ളി തിരുമേനി) കല്പനയിൽ കൂടി അറിയിച്ചതിൻപ്രകാരം എല്ലാ വർഷവും ആചരിച്ചുവരുന്നു.
പെരുന്നാൾ ദിവസമായ 25ന് കത്തീഡ്രലിൽ രാവിലെ ഏഴിന് പ്രഭാത പ്രാർഥന, എട്ടിന് വിശുദ്ധ മൂന്നിന്മേൽ കുർബാന- സിംഹാസന പള്ളികളുടെ മെത്രാപ്പോലീത്താ കറിയാക്കോസ് മോർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ. തുടർന്ന് പ്രദിക്ഷിണവും ആശിർവാദവും നേർച്ച വിളമ്പും. നേർച്ച വിളമ്പിനാവശ്യമായ നെയ്യപ്പം ഭവനങ്ങളിൽനിന്നും എത്തിക്കുന്നതു കൂടാതെ കത്തീഡ്രലിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന മർത്തമറിയം വനിതാസമാജ അംഗങ്ങൾ തയ്യാറാക്കും. വിശുദ്ധ കുർബ്ബാനക്ക് ശേഷം പെരുമ്പള്ളി ഗീവർഗീസ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ 25-ാമത് ദുഃഖറോനോ പെരുന്നാളിനോട് അനുബന്ധിച്ചുള്ള പെരുമ്പള്ളി തിരുമേനി അനുസ്മരണ സമ്മേളനം നടക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം ഭദ്രാസനാധിപനും സുന്നഹദോസ് സെക്രട്ടറിയുമായ ഡോ. തോമസ് മോർ തീമോത്തിയോസ് അധ്യക്ഷത വഹിക്കും. കുറിയാക്കോസ് മോർ ദീയസ്ക്കോറോസ് അനുസ്മരണ പ്രഭാഷണവും ഡോ. ഗീവർഗീസ് മോർ കൂറീലോസ് ‘അമ്മ അറിവ്’- മേരി വിജ്ഞാനീയ സംസ്കാര പഠനകേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനവും കുര്യൻ കെ. തോമസ് കരിമ്പനത്തറയിൽ പഠനകേന്ദ്രത്തിന്റെ പരിചയപ്പെടുത്തലും നിർവഹിക്കും. ഡോ. റോസി തമ്പി, ആൻഡ്രൂസ് ചിരവത്തറ കോർ എപ്പിസ്കോപ്പാ, ഫാ. കുറിയാക്കോസ് കാലായിൽ എന്നിവർ പ്രസംഗിക്കും. അനുസ്മരണ സമ്മേളനത്തെത്തുടർന്ന് ശ്രാദ്ധസദ്യയും ക്രമീകരിച്ചിട്ടുണ്ട്.
വികാരി ഇ.ടി. കുറിയാക്കോസ് കോർ എപ്പിസ്കോപ്പാ, പ്രോഗ്രാം കോർഡിനേറ്റർ ആൻഡ്രൂസ് ചിരവത്തറ കോർ എപ്പിസ്കോപ്പാ, ട്രസ്റ്റിമാരായ പി.എ. ഏബ്രഹാം പഴയിടത്തുവയലിൽ, വർഗീസ് ഐപ്പ് മുതലുപടി, ഡോ. ജിതിൻ കുര്യൻ ആൻഡ്രൂസ് ചിരവത്തറ, സെക്രട്ടറി ജേക്കബ് വി.ജെ വാഴത്തറ എന്നിവർ പെരുന്നാൾ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.