‘ഇനി ചെലവൂര്‍ കെ സി അബൂബക്കറും സംഘവും ആലപിക്കുന്ന മാപ്പിള പാട്ടുകള്‍ കേള്‍ക്കാം…’ ആകാശവാണിയില്‍ ഇനി ആ പാട്ടുകളില്ല; ഇശലുകളുടെ സുല്‍ത്താന്‍ സുബര്‍ക്കത്തോപ്പിലേക്ക് മടങ്ങി

കോഴിക്കോട്: മാപ്പിളപ്പാട്ട് രചയിതാവും ചിന്തകനുമായിരുന്ന കെ.സി. അബൂബക്കര്‍ (ചെലവൂര്‍ കെ.സി-95) അന്തരിച്ചു. ‘ഇനി ചെലവൂര്‍ കെ സി അബൂബക്കര്‍റും സംഘവും ആലപിക്കുന്ന മാപ്പിള പാട്ടുകള്‍ കേള്‍ക്കാം…’ ആകാശവാണി കോഴിക്കോട് നിലത്തില്‍ നിന്ന് ഇത് കേള്‍ക്കാന്‍ കാത് കൂര്‍പ്പിച്ചിരുന്ന ഒരു ജനതയുണ്ട്. മഹാകവി മോയിന്‍കുട്ടിവൈദ്യര്‍ കെട്ടിയ ക്ലാസിക്കല്‍ മാപ്പിളപ്പാട്ടുകളുടെ വര്‍ത്തമാനകാല തുടര്‍ച്ചയായിരുന്നു കെ.സിയുടെ വരികള്‍. മാപ്പിളപ്പാട്ടിന്റെ പ്രാസഭംഗിയും ഭാവനാ ലാളിത്യവും ഒട്ടും ചോര്‍ന്നുപോകാതെ അദ്ദേഹം വരികള്‍ കൊരുത്തെടുത്തു. മലയാളത്തിന് പുറമേ ഹിന്ദിയിലും ഉറുദുവിലും രചനകള്‍ നടത്തി. മാപ്പിളപ്പാട്ടെന്ന പേരില്‍ പുതിയ രചനകളും ആലാപന രീതികളും രംഗം കൈയ്യടക്കുന്നതിനു മുമ്പുള്ള കാലത്തെ തനത് രചനയുടേയും ആലാപനത്തിന്റെയും പേരാണ് ചെലവൂര്‍ കെ.സി അബൂബക്കര്‍.

Advertisements

സ്‌കൂള്‍ വിദ്യാഭ്യാസ കാലം മുതല്‍ക്കേ മാപ്പിളപ്പാട്ട് രചനയില്‍ സജീവമായിരുന്നു. 1950കളില്‍ ചന്ദ്രിക ആഴ്ചപ്പതിപ്പ്, ദേശമിത്രം മാസിക, അല്‍ബയാന്‍, സുബുല സലാം തുടങ്ങിയ സാമുദായിക മാസികകളിലും രചനകള്‍ പ്രസിദ്ധീകരിച്ചു. 1956-62 കാലത്ത് ചെലവൂര്‍ പഞ്ചായത്ത് ബോര്‍ഡ് മെമ്പറായും പ്രവര്‍ത്തിച്ചു. ചെലവൂരിലെ എസ്.വൈ.എസ് സ്ഥാപക സെക്രട്ടറി, ചെലവൂര്‍ മദ്രസ്സ സ്ഥാപക സെക്രട്ടറി, പള്ളികമ്മിറ്റി സ്ഥാപക സെക്രട്ടറി, 1982ല്‍ പാലക്കാട് കേന്ദ്രമായി സ്ഥാപിച്ച സംസ്ഥാന കായികാഭ്യാസ കളരി സംഘം സംസ്ഥാന ജോയന്റ് സെക്രട്ടറി, ജില്ല ജനറല്‍ സെക്രട്ടറി, സംസ്ഥാന മാപ്പിള കലാവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരള മാപ്പിള കലാ അക്കാദമിയുടെ മികച്ച ഗാനരചയിതാവ്, ഗായകന്‍ എന്നീ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. രണ്ടു ഭാഷകളില്‍ ഗാനരചന നടത്തിയതിനും ആകാശവാണിയില്‍ സ്വന്തം രചനകള്‍ മാത്രം പാടിയതിനും ആള്‍ കേരള മാപ്പിള സാഹിത്യ അക്കാദമിയുടെ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

ഭാര്യമാര്‍: സുഹറാബി, പരേതയായ ഫാത്തിമബി. മക്കള്‍: ഫസലുല്‍ ഹഖ് (ചേരാനല്ലൂര്‍ മര്‍കസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എറണാകുളം), അമീര്‍ ഹസന്‍ (ആസ്‌ട്രേലിയ), ബല്‍ക്കീസ്.

Hot Topics

Related Articles