ബംഗളൂരു: ജയിക്കാന്‍ അവസാന പന്തില്‍ വേണ്ടിയിരുന്നത് അഞ്ച് റണ്‍സ്. പ്രീമിയര്‍ ലീഗിലെ തന്റെ ആദ്യ മത്സരം കളിക്കുന്ന സജന സജീവന് ക്രീസിലേക്ക് എത്തിയപ്പോള്‍ ആരും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല ആ ബാറ്റില്‍ നിന്ന് അങ്ങനെയൊരു ഷോട്ട്.അലീസ് കാപ്സിയുടെ പന്ത് ലോംഗ് ഓണിന് മുകളിലൂടെ അതിര്‍ത്തി കടന്നപ്പോള്‍ അത് ഓരോ മലയാളി ക്രിക്കറ്റ് ആരാധകര്‍ക്കും അഭിമാന നിമിഷം. വയനാട് മാനന്തവാടി സ്വദേശിനിയാണ് 28കാരിയായ സജന. എന്തായാലും നേരിട്ട ആദ്യ പന്ത് തന്നെ സിക്സടിച്ച് ടീമിനെ വിജയത്തിലെത്തിച്ചതിലൂടെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ പുത്തന്‍ താരോദയമായി മാറിയിരിക്കുകയാണ് സജന ഇപ്പോള്‍.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ അവസാന പന്തില്‍ സജനയിലൂടെ മുംബയ് ലക്ഷ്യം കണ്ടു. ഡല്‍ഹിക്ക് വേണ്ടി അലീസ് ക്യാപ്സി 75(53), ജമീമ റോഡ്രിഗ്സ് 42(24) മെഗ് ലാനിംഗ് 31(25) എന്നിവര്‍ തിളങ്ങി. മുംബയ്ക്കായി സൈവര്ബ്രന്റ്, അമേലി ഖേര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബയ്ക്ക് വേണ്ടി യാസ്തിക ഭാട്ടിയ 57 റണ്‍സും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 55 റണ്‍സും നേടി.