റാഞ്ചി: ഇന്ത്യയ്‌ക്കെതിരായ നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 353 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് ഇംഗ്ലീഷ് പട സ്വന്തമാക്കിയത്. ഒരു ഘട്ടത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സെന്ന നിലയിലായിരുന്ന ഇംഗ്ലണ്ട് തിരിച്ചടിക്കുകയായിരുന്നു. ഇന്നിങ്‌സില്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ അഭാവം ഇന്ത്യയുടെ ബൗളിങ്ങില്‍ പ്രകടമായിരുന്നു. ഇപ്പോള്‍ ബുംറയ്ക്ക് വിശ്രമം അനുവദിച്ചതിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്.
‘ഈ ടെസ്റ്റ് മത്സരം ഞാന്‍ അധികം കണ്ടിട്ടില്ല. ഇപ്പോഴാണ് കണ്ടുതുടങ്ങിയത്. വളരെയധികം മുന്നിലാണ് ഇംഗ്ലണ്ട്. സ്പിന്നര്‍മാര്‍ വളരെ കൃത്യതയോടെ പന്തെറിയുന്നു. അപ്രതീക്ഷിതമായ ബൗണ്‍സ് ട്രാക്ക്. ബൗളര്‍മാരുടെ സ്വപ്‌നമാണ് ഈ പിച്ച്. 350 റണ്‍സെന്നത് ഈ ഗ്രൗണ്ടില്‍ നേടേണ്ട ശരാശരിയിലും 100 റണ്‍സിന് മുകളിലാണെന്ന് കരുതുന്നു’, ബ്രോഡ് എക്‌സില്‍ കുറിച്ചു. ‘ഈ പരമ്പരയില്‍ ടോസ് നിര്‍ണായകമാണ്. ആദ്യം ബാറ്റുചെയ്യുക. ആധിപത്യം സ്ഥാപിക്കുക. ബുംറയ്ക്ക് എന്തുകൊണ്ട് വിശ്രമം അനുവദിച്ചുവെന്ന് എനിക്ക് മനസ്സിലാകുന്നില്ല. കഴിഞ്ഞ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ എട്ട് ഓവര്‍ മാത്രമാണ് ബുംറ എറിഞ്ഞത്. എന്നാല്‍ ബുംറ ഇല്ലാത്തത് കളിക്കളത്തില്‍ ഇംഗ്ലണ്ടിന് മേല്‍ക്കൈ നല്‍കുന്നു’, ബ്രോഡ് കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യ മൂന്ന് ടെസ്റ്റുകളും കളിച്ച ബുംറയ്ക്ക് വരാനിരിക്കുന്ന ഐപിഎല്ലും ടി20 ലോകകപ്പും പരിഗണിച്ചാണ് വിശ്രമം അനുവദിച്ചത്. ടെസ്റ്റ് പരമ്പരയില്‍ നിലവില്‍ 2-1ന്റെ ലീഡ് ഉള്ളതുകൊണ്ടും നിര്‍ണായകമായ അഞ്ചാം മത്സരത്തില്‍ താരത്തെ ആവശ്യമുള്ളതിനാലുമാണ് തീരുമാനം. നാലാം ടെസ്റ്റിന്റെ ഫലം അനുസരിച്ചായിരിക്കും ധർമ്മാശാലയില്‍ നടക്കുന്ന അവസാന ടെസ്റ്റില്‍ ബുംറയെ ഉള്‍പ്പെടുത്തുക. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച പേസറായ ബുംറ ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ മികച്ച ഫോമിലാണ്. പരമ്പരയില്‍ 17 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമന്‍.