തൃപ്പൂണിത്തുറ : പർദ ധരിച്ചെത്തി പട്ടാപ്പകല്‍ ചിട്ടി സ്ഥാപനമുടമയെ മുളകുപൊടി സ്പ്രേ ചെയ്ത് ആക്രമിച്ച് പണവും ആഭരണവും കവർച്ച ചെയ്ത കേസില്‍ യുവതി അറസ്റ്റില്‍.പാലക്കാട് കരിമ്പുഴ പടിഞ്ഞാറേതില്‍ ഫസീല (36) യെയാണ് ഹില്‍പാലസ് പോലീസ് അറസ്റ്റ് ചെയ്തത്. വിവിധ സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസില്‍ പ്രതിയായ ഫസീല ഒറ്റപ്പാലത്ത് കൂടത്തായി മോഡല്‍ കൊലപാതക ശ്രമക്കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
തൃപ്പൂണിത്തുറ പഴയ ബസ് സ്റ്റാൻഡിനു സമീപം സാൻ പ്രീമിയർ ചിട്ടി സ്ഥാപനയുടമ തൃപ്പൂണിത്തുറ കീഴത്ത് വീട്ടില്‍ കെ.എൻ. സുകുമാര മേനോനാണ് (72) കഴിഞ്ഞ 21-ന് കാലത്ത് ആക്രമണത്തിനും കവർച്ചയ്ക്കും ഇരയായത്.ഓഫീസിലെ മേശയില്‍നിന്ന് പതിനായിരം രൂപയും സുകുമാര മേനോന്റെ രണ്ടര പവന്റെ മാലയും ഇവർ കവർന്നിരുന്നു. കണ്ണിന്റെ ഭാഗം മാത്രം തുറന്ന രീതിയിലുള്ള കറുത്ത പർദ ധരിച്ചു വന്നയാളാണ് പെട്ടെന്ന് മുഖത്ത് മുളകുപൊടി സ്പ്രേ ചെയ്ത് തന്നെ ആക്രമിച്ച് പണവും ആഭരണവും കവർന്നതെന്ന് സുകുമാര മേനോൻ പറഞ്ഞിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പർദ ധരിച്ചെത്തിയ പുരുഷനായിരുന്നു അക്രമി എന്നാണ് സംശയിച്ചിരുന്നത്. എന്നാല്‍, പോലീസ് ഒട്ടേറെ സി.സി.ടി.വി. ക്യാമറകളടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ കവർച്ച നടത്തിയത് സ്ത്രീ തന്നെയാണെന്ന് ഉറപ്പിച്ചു. ഇവർ കവർച്ചയ്ക്കുശേഷം ഓട്ടോറിക്ഷയില്‍ കണ്ണൻകുളങ്ങരയില്‍ വന്നിറങ്ങി പർദ അഴിച്ചുമാറ്റി ഓടുന്നതും തിരിച്ച് നടന്നു വരുന്നതുമായ ദൃശ്യങ്ങള്‍ സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിരുന്നു. ഹില്‍പ്പാലസ് സി.ഐ. ആനന്ദ് ബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഫസീല അറസ്റ്റിലായത്.
രണ്ട് വർഷമായി ചിട്ടി സ്ഥാപന ഉടമയുടെ വീടിനു സമീപമുള്ള ഫ്ലാറ്റില്‍ വാടകയ്ക്ക് താമസിക്കുകയാണ് ഫസീല. ഈ ചിട്ടി സ്ഥാപനത്തില്‍ മറ്റൊരാളുടെ പേരിലുള്ള ചിട്ടിക്ക് 2022 മുതല്‍ പണം അടയ്ക്കാനായി എല്ലാ മാസവും എത്തുമായിരുന്നു. ഇവിടത്തെ കാര്യങ്ങളെല്ലാം മനസ്സിലാക്കിയാണ് രാവിലെ ഓഫീസില്‍ സ്ഥാപനമുടമ മാത്രമുള്ള സമയം നോക്കി എത്തി കവർച്ച നടത്തിയത്.
ഒറ്റപ്പാലത്ത് ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയതിനും ഭർതൃപിതാവിനെ വിഷം നല്കി കൊലപ്പെടുത്താൻ ശ്രമിച്ചതിനുമാണ് ഫസീലയുടെ പേരില്‍ കേസുള്ളതെന്ന് പോലീസ് പറഞ്ഞു. ഭർത്താവിന്റെ പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഇവരെ അഞ്ച് വർഷം കഠിനതടവിന് ഒറ്റപ്പാലം അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചിരുന്നു.