കാക്കനാട് : മൂന്നുതവണ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാതിരുന്ന നടൻ സുരാജ് വെഞ്ഞാറമൂടിന് കുറച്ചുദിവസം കൂടി സമയം അനുവദിച്ച് മോട്ടോർ വാഹന വകുപ്പ്. എറണാകുളം ആർ.ടി. ഓഫീസില്‍നിന്നാണ് സുരാജിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാനുള്ള സമയം നീട്ടി നല്‍കിയത്. സിനിമാ താരമെന്ന നിലയിലെ തിരക്കുകള്‍ പരിഗണിച്ചാണിത്. അതിനിടെ വാഹനാപകടത്തില്‍ പോലീസിന്റെ എഫ്.ഐ.ആർ. മാത്രം പരിശോധിച്ച് ആരുടെയും ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യരുതെന്ന് ട്രാൻസ്പോർട്ട് കമ്മിഷണറേറ്റ് നിർദേശം പുറപ്പെടുവിച്ചു.
എഫ്.ഐ.ആർ. വിശദമായി പരിശോധിക്കുകയും അന്വേഷിക്കുകയും ചെയ്ത ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാവൂ എന്നും ആർ.ടി.ഒ., ജോയിന്റ് ആർ.ടി.ഒ. ഓഫീസുകള്‍ക്ക് നിർദേശം ലഭിച്ചു. നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന വാർത്ത മാധ്യമങ്ങളില്‍ നിറഞ്ഞതോടെയാണ് പുതിയ നിർദേശമെന്നാണ് സൂചന. മൂന്ന് തവണ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടും മറുപടി ലഭിക്കാത്ത സാഹചര്യത്തില്‍ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്ന നടപടികളിലേക്ക് കടക്കുകയാണെന്ന് മോട്ടോർ വാഹന വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാത്രി അമിത വേഗത്തില്‍ ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രക്കാരനു പരിക്കേറ്റ സംഭവത്തിലാണ് നടപടി. പാലാരിവട്ടം പോലീസാണ് കേസെടുത്ത് തുടർനടപടിക്കായി മോട്ടോർ വാഹന വകുപ്പിനു കൈമാറിയത്. ഈ അപകടത്തില്‍ ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി എറണാകുളം ആർ.ടി. ഓഫീസില്‍നിന്ന് നോട്ടീസ് നല്‍കി. താരത്തിന് രജിസ്ട്രേഡ് തപാലില്‍ അയച്ച നോട്ടീസ് കൈപ്പറ്റിയതിന്റെ രസീത് ആർ.ടി.ഒ.യ്ക്ക് മടക്ക തപാലില്‍ ലഭിച്ചിരുന്നു. ഇതിനു പിന്നാലെ രണ്ടാമതും മൂന്നാമതും നോട്ടീസ് അയച്ചു. കഴിഞ്ഞ ജൂലായ് 29-ന് രാത്രി തമ്മനം-കാരണക്കോടം റോഡിലായിരുന്നു സുരാജ് ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റത്.