അമേരിക്കയിലും ചുവടുറപ്പിച്ച് കേരള ഐടി കമ്പനി ആക്സിയ ടെക്‌നോളജീസ്

കൊച്ചി : ടെക്‌നോപാർക്ക് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലോകോത്തര വാഹനസോഫ്ട്‍വെയർ കമ്പനിയായ ആക്സിയ ടെക്‌നോളജീസിന്റെ പ്രവർത്തനങ്ങൾ അമേരിക്കയിലേക്കും വിപുലപ്പെടുത്തി കമ്പനി. മേഖലയിൽ നിലവിലുള്ള പ്രവർത്തനങ്ങൾ കൂടുതൽ വികസിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും കമ്പനി മേധാവിയെയും തെരെഞ്ഞെടുത്തു. സ്‌കോട്ട് എ കുയാവ കമ്പനിയുടെ വൈസ് പ്രസിഡന്റ്, ജനറൽ മാനേജർ എന്നീ ചുമതലകൾ വഹിക്കും. മിഷിഗണിലെ ഡിട്രോയിറ്റിലുള്ള ആക്സിയ ടെക്‌നോളജീസിന്റെ സബ്‌സിഡറി കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനം. ഓട്ടോമോട്ടീവ് എഞ്ചിനീറിങ് രംഗത്ത് 30 വർഷത്തിലേറെ പരിചയസമ്പത്തുമായാണ് സ്‌കോട്ട് ആക്സിയ ടെക്‌നോളജീസിൽ എത്തിയിരിക്കുന്നത്. പരോക്ഷമായി ഇന്ത്യയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതാണ് അമേരിക്കയിലേക്കുള്ള ഈ ചുവടുവയ്പ്പ്.

Advertisements

അമേരിക്കയിൽ കമ്പനിയുടെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിലൂടെ ധാരാളം പുതിയ ബിസിനസ് സാധ്യതകളാണ് തുറക്കുന്നത്. ഇത് ഇന്ത്യയിൽ പ്രവർത്തിക്കുന്ന ആക്സിയ ടെക്‌നോളജീസ് ഓഫീസുകളിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കും. ചെറിയ കാലയളവിനുള്ളിൽ ആഗോള വാഹന വിപണിയിൽ പേരെടുത്ത കഴിഞ്ഞ ആക്സിയ ടെക്‌നോളജീസിന്റെ മാർക്കറ്റ് മേധാവിത്വം കൂടുതൽ ഊട്ടിയുറപ്പിക്കുന്നതാണ് ഈ നീക്കം. കഴിവും വൈദഗ്ധ്യവുമുള്ള ചെറുപ്പക്കാർ തൊഴിലന്വേഷിച്ച് രാജ്യം വിട്ടുപോകുന്നത് തടയാനും നാട്ടിൽ തന്നെ ആകർഷകമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇത് സഹായിക്കും. അമേരിക്ക ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വാഹനനിർമാതാക്കളുമായും ആക്സിയ ടെക്‌നോളജീസുമായി പങ്കാളിത്തമുള്ള മുൻനിര കമ്പനികളുമായും ജോലി ചെയ്യാനുള്ള അവസരങ്ങളാണ് എഞ്ചിനീയർ ബിരുദധാരികൾക്ക് ലഭ്യമാകുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലോകമെമ്പാടുമുള്ള വാഹനപ്രിയരുടെ ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിക്കുന്ന സോഫ്ട്‍വെയർ സംവിധാനങ്ങൾ വികസിപ്പിക്കാനുള്ള കമ്പനിയുടെ ശ്രമങ്ങൾക്ക് സ്‌കോട്ട് എ കുയാവയുടെ നേതൃപാടവം വലിയ ഊർജ്ജമാകുമെന്ന് ആക്സിയ ടെക്‌നോളജീസിന്റെ സ്ഥാപക സിഇഒ ജിജിമോൻ ചന്ദ്രൻ പറഞ്ഞു. ഈ മേഖലയിൽ സ്‌കോട്ടിനുള്ള അനുഭവസമ്പത്ത് കമ്പനിക്ക് വലിയ മുതൽക്കൂട്ടാകുമെന്നും വാഹനനിർമാതാക്കളുടെ ഭാവിയിലെ ആവശ്യങ്ങൾക്കനുസരിച്ച് പുതിയ ഉയരങ്ങൾ കീഴടക്കാൻ അത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കയിലെ വാഹനസാങ്കേതികരംഗത്ത് കൂടുതൽ ഇടപെടലുകൾ നടത്താനും അവിടെ പുതിയ സഹകരണങ്ങളും പങ്കാളിത്തവും സൃഷ്ടിക്കാനും കഴിയും.

സ്കോട്ടിന്റെ മേൽനോട്ടത്തിൽ അമേരിക്കൻ വിപണിയിൽ ആക്‌സിയയുടെ സാന്നിധ്യം ശക്തിപ്പെടുത്താനും പുതുമകൾ ആവിഷ്കരിക്കാനുമാണ് കമ്പനി ഉദ്ദേശിക്കുന്നത്. എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എന്ന നിലയിൽ സ്‌കോട്ട് കമ്പനിയുടെ ബോർഡിനോട് നേരിട്ട് റിപ്പോർട്ട് ചെയ്യും. പുതുതലമുറ ഓട്ടോമോട്ടീവ് സോഫ്ട്‍വെയറുകൾ വികസിപ്പിക്കുന്നതിനൊപ്പം തന്നെ ഇലക്ട്രിക് വാഹനങ്ങളിലും ബാറ്ററി സംവിധാനങ്ങളിലും കൂടുതൽ ശ്രദ്ധ പതിപ്പിക്കും. വിപണിയിൽ പുതിയ ചലനങ്ങൾ സൃഷ്ടിക്കാൻ ലഭിച്ച അവസരം പരമാവധി പ്രയോജനപ്പെട്ടുത്തുമെന്നും ആക്‌സിയയുടെ വളർച്ചയിൽ സുപ്രധാനപങ്ക് വഹിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അമേരിക്കയിൽ ചുമതലയേറ്റെടുത്ത ശേഷം സ്‌കോട്ട് പ്രതികരിച്ചു. ഓട്ടോമോട്ടീവ് എഞ്ചിനീയറിങ്, നിർമാണ രംഗങ്ങളിൽ നിരവധി സുപ്രധാന പദവികൾ വഹിച്ചിട്ടുള്ളയാളാണ് സ്‌കോട്ട് എ കുയാവ. അപ്റ്റീവ് കമ്പനിയുടെ ഇൻഫോടൈന്മെന്റ്/യൂസർ എക്സ്പീരിയൻസ് വിഭാഗം ആഗോള എഞ്ചിനീയറിംഗ് തലവനായിരുന്നു. അന്താരാഷ്ട്ര കമ്പനികളുടെയും സ്റ്റാർട്ടപ്പുകളുടെയും സാങ്കേതികകേന്ദ്രങ്ങളുടെയും നിർമാണ കേന്ദ്രങ്ങളുടെയും വളർച്ചയിലും നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

Hot Topics

Related Articles