ആലപ്പുഴ : ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാവേലിക്കരയില്‍ മല്‍സരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം കിട്ടിയതായി കൊടിക്കുന്നില്‍ സുരേഷ് എംപി. മാവേലിക്കരയില്‍ മറ്റൊരു പേരും പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. മാറിനില്‍ക്കാമെന്ന് താന്‍ പറഞ്ഞിരുന്നെങ്കിലും മല്‍സരിക്കണമെന്ന് പാര്‍ട്ടി പറഞ്ഞു. സുനില്‍ കനഗോലു റിപ്പോര്‍ട്ട് മാധ്യമ സൃഷ്ടിയാണെന്നും സുരേഷ് പറഞ്ഞു.
പഞ്ചായത്ത് മെമ്പറെ പോലൊരു എംപിയാണ് താന്‍. തന്നെ ജനങ്ങള്‍ കൈവിടില്ല. നിയോജക മണ്ഡലത്തിലെ എല്ലാവരേയും പരിചയമുണ്ട്. വെറെയാളെ പാർട്ടി തിരയുന്നുണ്ടെങ്കില്‍ മാറി നില്‍ക്കാൻ തയ്യാറായിരുന്നു. എന്നാല്‍ പാർട്ടി നേതൃത്വം അനുവാദം നല്‍കിയിരുന്നില്ല.
അതിന്റെയടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. ഇവിടെ മറ്റൊരു സ്ഥാനാർത്ഥിയെ പാർട്ടി ആലോചിച്ചിട്ടില്ലെന്നും നിലവിലെ എംപിമാരെല്ലാവരും മത്സരിക്കണമെന്നുമാണ് പാർട്ടിയുടെ തീരുമാനമെന്നും കൊടിക്കുന്നില്‍ പറഞ്ഞു. സിറ്റിംങ് എംപിമാരില്‍ ചിലർക്ക് വിജയ സാധ്യത കുറവാണെന്ന തരത്തില്‍ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനില്‍ കനഗോലു റിപ്പോർട്ട് നല്‍കിയെന്ന വാർത്തയേയും കൊടിക്കുന്നില്‍ തള്ളി. അങ്ങനെയൊരു റിപ്പോർട്ട് ഞങ്ങളാരും കണ്ടിട്ടില്ല. കെപിസിസി നേതൃത്വത്തിന് അങ്ങനെയൊരു റിപ്പോർട്ട് നല്‍കിയിട്ടില്ല. മാധ്യമങ്ങള്‍ ഉണ്ടാക്കുന്നതാണ്. അത് അവരുടെ സൃഷ്ടിയാണെന്നും കൊടിക്കുന്നില്‍ കൂട്ടിച്ചേർത്തു.