തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ പ്രതിപക്ഷനേതാവും ആയ രമേശ് ചെന്നിത്തല. മൂന്നാം ദിവസവും ശമ്പളം കിട്ടാതിരിക്കുന്നത് ചരിത്രത്തിലാദ്യമെന്നും ഗുരുതരമായ അവസ്ഥയുണ്ടായിട്ടും മുഖ്യമന്ത്രി മിണ്ടിയില്ല, സംസ്ഥാന സര്‍ക്കാരിന്റെ ട്രഷറി സമ്പൂര്‍ണമായി പൂട്ടി, മുഖ്യൻ ഒളിവില്‍ പോയോ എന്ന് സംശയം. മന്ത്രിമാര്‍ക്കെല്ലാം ശമ്പളം കിട്ടി, മാന്യത ഉണ്ടായിരുന്നുവെങ്കില്‍ അവര്‍ ശമ്പളം വാങ്ങിക്കരുതായിരുന്നു. അനാവശ്യ ചെലവ്, ധൂർത്ത്, നികുതി പിരിവില്ലായ്മ എല്ലാമാണ് ഈ അവസ്ഥയില്‍ എത്തിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ നിയമസഭാ സമ്മേളന കാലത്ത് ട്രഷറിയില്‍ പൂച്ച പെറ്റുകിടക്കുകയായിരുന്നു എന്ന് പറഞ്ഞപ്പോള്‍ ധനമന്ത്രി എതിർത്തുവെന്നും മുഖ്യമന്ത്രിക്ക് ശമ്പളം കൊടുക്കാത്തത്തില്‍ അല്ല മരപ്പട്ടി മൂത്രമൊഴിക്കുന്നതിലാണ് ശ്രദ്ധയെന്നും ആക്ഷേപസ്വരത്തില്‍ ചെന്നിത്തല പറഞ്ഞു.
കെഎസ്ആര്‍ടിസിയെ പോലെ സംസ്ഥാന സര്‍ക്കാരിനെ മാറ്റാനാണ് ശ്രമിച്ചത്.
ഒരു ക്ഷേമ പ്രവർത്തനവും നടത്തുന്നില്ല, മാർച്ച് 31 വരെ ശമ്പളം കൊടുക്കാതിരുന്നാല്‍ അടുത്ത സാമ്പത്തിക വർഷം കടമെടുക്കാം, അതിന് കാത്തിരിക്കാം, ബാലഗോപാല്‍ രണ്ടു താഴിട്ട് ട്രഷറി പൂട്ടിയിരിക്കയാണ്. അതീവ ഗുരുതരമായ സാമ്പത്തിക തകർച്ചയിലേക്ക് കേരളം പോകുന്നു എന്ന് ഞങ്ങള്‍ നേരത്തെ പറഞ്ഞതാണെന്നും ചെന്നിത്തല പറഞ്ഞു . അതേസമയം ശമ്പളം മുടങ്ങി മൂന്ന് ദിവസത്തിന് ശേഷം വിതരണം ഇന്ന് തുടങ്ങുമെന്ന് ധനവകുപ്പ് അറിയിച്ചിരുന്നു.