ന്യൂസ് ഡെസ്ക് : ഇന്ത്യൻ പ്രീമിയർ ലീഗില്‍ നിലവിലെ ജേതാക്കളായ ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സ് ആദ്യ തിരിച്ചടി. ചാമ്പ്യന്മാരുടെ വെടിക്കെട്ട് ഓപ്പണർക്ക് പരിക്കേറ്റത് ടൂർണമെന്റിന്റെ തുടക്കത്തില്‍ അവർക്ക് തിരിച്ചടിയായിരിക്കുകയാണ്.ഇടത് കയ്യിന്റെ തള്ളവിരലിന് പരിക്കേറ്റ ന്യൂസിലൻഡ് ഓപ്പണർ ഡെവോണ്‍ കോണ്‍വേയ്ക്ക് മെയ് മാസം വരെ കളത്തിലിറങ്ങാൻ കഴിയില്ലെന്നാണ് പുതിയ വിവരം.8 ആഴ്ചത്തെ വിശ്രമമാണ് കീവീസ് താരത്തിന് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പർ കിങ്സില്‍ റുതുരാജ് ഗെയ്ക്ക്വാദിനൊപ്പം വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് കോണ്‍വേ നടത്തിയത്.
കഴിഞ്ഞ സീസണില്‍ 51.69 ശരാശരിയില്‍ 672 റണ്‍സ് കീവീസ് താരം അടിച്ചെടുത്തിരുന്നു. 16 മത്സരങ്ങളില്‍ നിന്ന് 6 അർദ്ധ സെഞ്ചുറി ഉള്‍പ്പടെ 139.71 സ്ട്രൈക്ക് റേറ്റുമായായിരുന്നു കോണ്‍വേയുടെ പ്രകടനം.മാർച്ച് 22ന് ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പർ കിങ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലാണ് ഐപിഎല്ലിലെ ആദ്യ മത്സരം. കോണ്‍വേയുടെ പകരക്കാരനായി ചെന്നൈ ഓപ്പണിങ് നിരയില്‍ ആരെത്തുമെന്നതാണ് ആരാധകരുടെ ആകാംക്ഷ. ധോണി ഉടനെ ഇതിനൊരു പരിഹാരം കാണുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകർ.