പമ്പ ഹില്‍ടോപ്പിലും മകരജ്യോതി ദര്‍ശന സൗകര്യം; തീര്‍ഥാടകര്‍ക്ക് പകലും വിരിവയ്ക്കാം; കാനനപാതയില്‍ ഒരു മണിക്കൂര്‍ അധിക സമയം; മകരവിളക്ക് മുന്നൊരുക്കങ്ങള്‍ തുടങ്ങി

പത്തനംതിട്ട: മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ചുളള മുന്നൊരുക്കങ്ങള്‍ വേഗത്തിലാക്കാന്‍ സന്നിധാനത്ത് ചേര്‍ന്ന ഉന്നത സമിതി യോഗം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. തീര്‍ഥാടകര്‍ക്ക് സുരക്ഷിതമായും സുഗമമായും മകരജ്യോതി ദര്‍ശിക്കാനുളള സൗകര്യമൊരുക്കുന്നതിനാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും മുന്‍ഗണന നല്‍കുന്നത്. അതിനാല്‍ ഓരോ വകുപ്പുകളും സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണം. ദേവസ്വം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന വിവിധ വകുപ്പു തലവന്‍മാരുടെ യോഗത്തില്‍ എഡിഎം അര്‍ജുന്‍ പാണ്ഡ്യനാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്.
മകരവിളക്കിനോട് അനുബന്ധിച്ച് തിരക്ക് വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും യോഗം വിലയിരുത്തി. മകരവിളക്ക് ഉത്സവത്തിനായി നട തുറന്നശേഷം ഒരു ലക്ഷത്തിമുപ്പതിനായിരം പേര്‍ ഇതുവരെ ശബരിമലയില്‍ എത്തി. ഏറ്റവും കൂടുതല്‍ തീര്‍ഥാടകരെത്തിയത് ഡിസംബര്‍ 31 നാണ്.

Advertisements

ശരാശരി ഏകദേശം നാല്‍പതിനായിരം പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. മകരജ്യോതി ദര്‍ശനത്തിനായി തീര്‍ഥാടകര്‍ എത്തുന്ന സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ സ്ഥിരം ദര്‍ശന കേന്ദ്രങ്ങളില്‍ സുരക്ഷ ഒരുക്കുന്നതിനായി ബാരിക്കേഡുകളുടെ നിര്‍മാണം ആരംഭിക്കാന്‍ ദേവസ്വം മരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കി. പമ്പ ഹില്‍ടോപ്പില്‍ മകരജ്യോതി ദര്‍ശനം അനുവദിക്കും. മറ്റ് കേന്ദ്രങ്ങളായ നീലിമല, അപ്പാച്ചിമേട്, അട്ടത്തോട്, ഇലവുങ്കല്‍, നെല്ലിമല, അയ്യന്‍മല തുടങ്ങിയ സ്ഥലങ്ങളിലും പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുക.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇടുക്കി ജില്ലയിലെ പുല്ല്മേട്, പാഞ്ചാലിമേട്, പരുന്തുപാറ എന്നിവിടങ്ങളിലും ദര്‍ശന സൗകര്യം ഒരുക്കുന്നതിന്റെ സാധ്യത പരിശോധിക്കും. സര്‍ക്കാരാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്നും എഡിഎം പറഞ്ഞു. ഓരോ കേന്ദ്രങ്ങളിലും ആവശ്യമായ വൈദ്യുതി സംവിധാനങ്ങളും കുടിവെളള ടാപ്പുകളും സ്ഥാപിക്കും. ആരോഗ്യ വകുപ്പ് ഉള്‍പ്പെടെയുളള എല്ലാ വകുപ്പുകളും ഏതൊരു അടിയന്തര സാഹചര്യത്തേയും നേരിടുന്നതിനുളള തയാറെടുപ്പുകള്‍ നടത്തണം. ആവശ്യമായ ജീവനക്കാരയും ഇതിനായി നിയോഗിക്കണമെന്നും യോഗം നിര്‍ദേശിച്ചു. കൂടുതല്‍ സ്ഥലങ്ങളില്‍ ദര്‍ശന സൗകര്യം ഒരുക്കുന്നതിലൂടെ തിരക്ക് നിയന്ത്രിക്കാനും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles