ചേതേനയറ്റ് ചേതേശ്വർ , റൺ രഹിതമായി രഹാനെ ; ഇന്ത്യയുടെ വിശ്വാസം കാത്ത ബാറ്റർമാർ എവിടെ ! തുടർ പരാജയങ്ങളിൽ കൂപ്പ് കുത്തി പുജാരയും രഹാനെയും ; മറ്റൊരു യുഗവും തിരയൊടുങ്ങുന്നുവോ !

ജോഹന്നാസ്ബർഗ് : വാണ്ടറേഴ്സിൽ ടോസി നിറങ്ങുമ്പോൾ ഇന്ത്യയ്ക്ക് പ്രതീക്ഷ വാനോളമായിരുന്നു. ഇന്ത്യയുടെ ഇഷ്ട ഗ്രൗണ്ടിൽ വളരെ വേഗം വിജയിച്ചു കയറാം എന്ന പ്രതീക്ഷയുടെ ചൂട്ട് തെളിച്ചാണ് പുതിയ നിയോഗത്തിൽ രാഹുൽ ബാറ്റിംഗ് തിരഞ്ഞെടുത്തത്. എന്നാൽ രാഹുലിന്റെ വിശ്വാസ പ്രമാണങ്ങൾക്ക് മേൽ ഇന്ത്യയുടെ കരുത്തരായ ബാറ്റർമാർ കണ്ണടച്ചു. മത്സരത്തിൽ ആദ്യ ദിനത്തിൽ ബാറ്റർമാർ കളിമറന്നപ്പോൾ നിരാശനാകുവാനായിരുന്നു പുതിയ ക്യാപ്റ്റന്റെ വിധി. പരിചയ സമ്പത്തിന്റെ അകമ്പടിയോടെ ബാറ്റേന്തുന്ന പുജാരയും രഹാനെയും ഒരിക്കൽ കൂടി നിരാശരാക്കി. വാണ്ടറേഴ്സിലും വണ്ടറുകൾ കാണിക്കുവാൻ ഇരുവർക്കും കഴിഞ്ഞില്ല.

Advertisements

ഇന്ത്യൻ ക്രിക്കറ്റിൽ വൻമതിലിന് മുന്നിൽ പുജാര തീർത്ത ന്യൂജെൻ മതിലിന് ക്ഷതമേറ്റിട്ട് നാളുകൾ കുറച്ചധികമായി. ഒരു കാലഘട്ടത്തെ ഇന്ത്യയുടെ വിശ്വസ്ത താരത്തിനെ പിൻപറ്റി ടെസ്റ്റ് ക്രിക്കറ്റ് വേദിയിൽ സ്ഥാനമുറപ്പിച്ച താരമായിരുന്നു ചേതേശ്വർ പുജാര . റണ്ണപ്പ് എടുത്ത് ബൗണ്ടറി ലൈനിൽ നിന്നും വാരങ്ങൾ വ്യത്യാസത്തിൽ കിതച്ചെത്തി ബൗൾ ചെയ്യുന്ന ലോകോത്തര ബൗളർമാരുടെ അനേകം  പന്തുകളെ ബാറ്റ് എടുക്കാതെ ലീവ് ചെയ്ത് കളിക്കുന്ന പുജാര . മണിക്കൂറുകളോളം ക്രീസിൽ ചിലവഴിച്ച് ഇതാണ് ക്ഷമയുടെ പരിവേഷമെന്ന് വീണ്ടും വിളിച്ചു പറഞ്ഞിരുന്ന ഇന്നിംഗ്സുകൾ . മോശം പന്തുകളെ തിരഞ്ഞു പിടിച്ച് ശിക്ഷിച്ചും . നല്ല പന്തുകൾക്ക് മുന്നിൽ ബഹുമാനം കാട്ടിയും ഇന്ത്യൻ ഇന്നിംഗ്സിന്റെ നെടും തൂണായി  നിറഞ്ഞു നിന്ന പൂജാരയുടെ വിശ്വാസ്യത നഷ്ടമായിരിക്കുന്നു. ഇന്ന് അതൊരു ചോദ്യ ചിഹ്നമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സെഞ്ചൂറിയനിൽ നിന്നും വാണ്ടറേഴ്സിലേക്കെത്തുമ്പോഴും പ്രതിരോധത്തിന്റെ കോട്ടകളുടെ ചോർച്ചയടയ്ക്കുവാൻ ഇനിയും പുജാരയ്ക്ക് ആയിട്ടില്ല. അയാൾ ബാറ്റിനപ്പുറമായി സ്വന്തം ശരീരം കൊണ്ടു പോലും പ്രതിരോധം തീർത്തിരുന്ന കാലമുണ്ടായിരുന്നു. വേദനയുടെ പിടിയിലമരാതെ ബാറ്റിന്റെ പിടിയിൽ മുറുകെ പിടിച്ച് ഇന്ത്യയെ തോളിലേറ്റിയ ചേതേശ്വറിന്റെ തേജസുറ്റ ആ  ഇന്നിംഗ്സുകളെയാണ് ഇന്ത്യ ഇന്ന് തേടുന്നത്.

പരാജയത്തിന്റെ കുഴിയിൽ പുജാരയെ കൂട്ടു പിടിച്ചെത്തിയ മറ്റൊരു ക്ലാസ് താരമാണ് രഹാനെ, പുജാരയെ ഇന്നിംഗ്സുകൾ കൊണ്ട് ദ്രാവിഡിനോട് അടയാളപ്പെടുത്തുമെങ്കിൽ രഹാനയെ അടയാളപ്പെടുത്തുക അയാളുടെ ആകർഷണിയമായ ക്ലാസ് ബാറ്റിംഗ് ശൈലി കൊണ്ടാണ് ഫ്രണ്ട് ഫുട്ട് ഡ്രൈവും, സ്വകയർ കട്ടും , ഡിഫൻസുമെല്ലാം ദ്രാവിഡിനോട് ചേർത്ത് വയ്ക്കാവുന്നത്. ഇന്ത്യൻ ഉപനായകനിൽ നിന്നും ഉപകാരമില്ലാത്തവൻ എന്ന വിളിപ്പേരിലേയ്ക്ക് രഹാനെയും കൂപ്പു കുത്തുകയാണോ ? ടീമിലെ സ്ഥാനം പോലും ചോദ്യ ചിഹ്നമായി മാറിയ കാലത്തും അയാൾ കഴിഞ്ഞ കാലങ്ങളിൽ നൽകിയ സംഭാവനയും, അയാളുടെ ശേഷിയുമാകാം സെലക്ടർമാരെ മറുത്ത് ചിന്തിപ്പിക്കാത്തത് എന്നാൽ മുൻ നിരയിൽ പരിചയ സമ്പത്തിന്റെ ഭാണ്ഡവും പേറി ഇരുവരും നടന്നു നീങ്ങുന്നത് എങ്ങോട്ടാണ്.

തുടർച്ചയായ മത്സരങ്ങളിലെ പരാജയങ്ങൾ മൂലം ഗ്രൗണ്ടിൽ താളം കണ്ടെത്തുവാൻ നന്നേ വിഷമിക്കുന്ന പുജാരയെയും രഹാനെയുമാണ് ഇന്ന് ഇന്ത്യ വാണ്ടറേഴ്സിൽ കണ്ടത്. സംപൂജ്യനായി വീണ്ടും രഹാനെ കളം വിടുമ്പോൾ അയ്യരുടെ സാധ്യത ടീമിൽ കൂടുതൽ ചർച്ചകൾക്ക് വഴി തെളിക്കുകയാണ്. പഴകി തുടങ്ങിയ എൻജിനുകളിൽ എണ്ണയും ഗ്രീസും നിറച്ച് മൈതാനത്തിറക്കുമ്പോൾ ഇടയ്ക്ക് വീണ് പോകാതെ കാത്ത വിശ്വാസത്തിന്റെ തേരിലാകും സിലക്ടർമാർ പറന്നിറങ്ങിയിരിക്കുക. എന്നാൽ പുതിയ താളവും വേഗവുമായി പുറത്ത് കാത്തിരിക്കുന്ന പുത്തൻ യുഗത്തിന് മുന്നിൽ അജിൻ ക്യാ? എന്ന ചോദ്യം അജിങ്ക്യ   രഹാനയ്ക്ക് വിദൂരമല്ല. പിന്നാലെ പുജാരയ്ക്കും .

ബാറ്റിലേയ്ക്ക് പന്തെത്തുന്നത് കാക്കാതെ പന്തിലേയ്ക്ക് ബാറ്റെത്തിച്ച് ഫുട്ട് നോക്കി ഷോട്ട് ഉതിർക്കുന്ന കൃത്യമായ ജഡ്ജ്മെന്റ് ജന്റിൽമെൻ ക്രിക്കറ്റിലേയ്ക്ക് ഇനിയെങ്കിലും  ഇരുവരും പിൻമടങ്ങേണ്ടിയിരിക്കുന്നു. അവശേഷിക്കുന്ന ഇന്നിംഗ്സുകളിൽ ഡ്രെസിംഗ് റൂമിലേയ്ക്ക് എത്തുവാനുള്ള തിടുക്കത്തെ ഇരുവരും മാറ്റിയില്ല എങ്കിൽ ചരിത്ര വിജയത്തിന്റെ വിജയ വഴികളിൽ ടീമിലെ പരാജയത്തിന്റെ ഇത്തിൾ കണ്ണികളായി കാലം നിങ്ങളെ അടയാളപ്പെടുത്തുക തന്നെ ചെയ്യും.

Hot Topics

Related Articles