കൽപ്പറ്റ : പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണത്തില്‍ ദുരൂഹത നീങ്ങുന്നില്ല. വൈത്തിരി പോലീസ് രജിസ്റ്റർചെയ്ത എഫ്.ഐ.ആർ പ്രകാരം 18-ന് 16.29-നാണ് (വൈകീട്ട് 4.29) മരണവിവരം സ്റ്റേഷനില്‍ അറിയുന്നത്. എന്നാല്‍, പോലീസ് സ്റ്റേഷനില്‍ വിളിച്ച് അനുമതി വാങ്ങിയെന്നു പറഞ്ഞാണ് ഉച്ചയ്ക്ക് ഒന്നരയോടെ എത്തിയ ആംബുലൻസുകാർ മൃതദേഹം വൈത്തിരി താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോയത്. പോലീസ് സ്റ്റേഷനില്‍ 4.29-നാണ് വിവരമറിഞ്ഞതെങ്കില്‍ പിന്നെ ആംബുലൻസ് ഡ്രൈവർ ആരെയാണ് വിളിച്ചതെന്നാണ് ഉയരുന്ന ചോദ്യം. മരണവിവരം കോളേജ് ഡീനുള്‍പ്പെടെയുള്ളവർ അറിയുന്നതിനുമുന്നേ ആംബുലൻസ് ഹോസ്റ്റലില്‍ എത്തിയിരുന്നു. കുട്ടികള്‍ കോളേജില്‍ പറയാതെ ആംബുലൻസ് വിളിച്ചതിനുപിന്നില്‍ സംശയങ്ങളുണ്ട്.
എന്തായിരുന്നു അതിനുപിന്നിലെ ലക്ഷ്യമെന്ന് വ്യക്തമായിട്ടില്ല. സിദ്ധാർഥൻ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ കുളിമുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നെന്നും ചവിട്ടിപ്പൊളിച്ചാണ് അകത്തുകയറിയതെന്നുമാണ് പോലീസിന് വിദ്യാർഥികള്‍ മൊഴി നല്‍കിയിട്ടുള്ളത്. പക്ഷേ, കുളിമുറിയിലേക്ക് വാതില്‍ തുറക്കാതെതന്നെ മുകളിലൂടെ ഇറങ്ങാനും വാതില്‍ ലോക്ക് ചെയ്യാനുമുള്ള സൗകര്യമുണ്ട്. ആറുമണിക്കൂർ തുടർച്ചയായ മർദനമേറ്റ്, വെള്ളവും ഭക്ഷണവും കിട്ടാതെ, തീർത്തും അവശനായി എഴുന്നേല്ക്കാൻ പോലും കഴിയാതെ സിദ്ധാർഥൻ കട്ടിലില്‍ കിടക്കുകയായിരുന്നെന്നാണ് പറയപ്പെടുന്നത്. അത്തരം ഒരവസ്ഥയില്‍ കിടക്കുന്നയാള്‍ക്ക് പിന്നെ എങ്ങനെയാണ് കുളിമുറിയില്‍പ്പോയി സ്വയം കെട്ടിത്തൂങ്ങാൻ കഴിയുക എന്ന സംശയത്തിന് ഇനിയും വ്യക്തത വരേണ്ടതുണ്ട്. ഈ സംശയം കൊണ്ടാവാം കൊലപാതകം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ആഴത്തിലുള്ള അന്വേഷണം വേണമെന്ന് കല്പറ്റ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതി(മൂന്ന്)യില്‍ നല്കിയ റിമാൻഡ് റിപ്പോർട്ടില്‍ പോലീസ് പറഞ്ഞിരിക്കുന്നത്.