ഇന്ത്യയെ മാറ്റാൻ കഴിവുള്ള 20 വ്യക്തിത്വങ്ങളിൽ ചങ്ങനാശ്ശേരി സ്വദേശി ഡോ. ജോബിൻ എസ് കൊട്ടാരവും. ഇന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങളിൽ നിന്നായി നൂറിൽപ്പരം ഭിന്ന ശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സൗജന്യമായി സിവിൽ സർവീസ് പരിശീലനം നൽകി അവരെ സമൂഹത്തിന്റെ മുഖ്യ ധാരയിലും, നേതൃ രംഗത്തും എത്തിക്കുന്നതിന് വേണ്ടി ‘ചിത്ര ശലഭം’ എന്ന പദ്ധതി നടപ്പിലാക്കിയത് കണക്കിലെടുത്താണ് ഡോ. ജോബിൻ എസ് കൊട്ടാരം പട്ടികയിൽ ഉൾപ്പെടാൻ കാരണം. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അബ്സൊല്യൂട്ട് ഐ എ എസ് അക്കാദമിയുടെ സ്ഥാപകനും, ചെയർമാനുമാണ് ജോബിൻ.
മാർച്ച് എഴിനു വൈകുന്നേരം അഞ്ചു മണിക്ക് മുംബൈയിലെ ബന്ദ്രാ കുർളയിലുള്ള ട്രൈഡന്റ് ഹോട്ടലിൽ ചേരുന്ന പൊതു സമ്മേളനത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫദ്നാവിസ് പുരസ്‌കാരം സമ്മാനിക്കും. ചങ്ങനാശ്ശേരി ഇത്തിത്താനം പ്ലസന്റ് വാലിയിലാണ് താമസം. ഭാര്യ ക്രിസ്റ്റി, മക്കൾ എയ്ഡൻ, നോവ
എ. യു സ്മാൾ ഫിനാൻസ് ബാങ്ക് ഫൌണ്ടേഷനും, പ്രമുഖ സി. എൻ. എൻ ന്യൂസ് 18 അടക്കമുള്ള ടെലിവിഷൻ ചാനലുകൾക്ക് നേതൃത്വം നൽകുന്ന നെറ്റ്‌വർക്ക് 18 എന്നിവർ സംയുക്തമായാണ് ഇന്ത്യയെ മാറ്റി മറിക്കാൻ സാധ്യതയുള്ള 20 ആശയങ്ങളെയും, അതിനു നേതൃത്വം നൽകുന്ന വ്യക്തികളെയും തിരഞ്ഞെടുത്തത്.