50 കോടി ക്ലബ്, 100 കോടി ക്ലബ്… ഇപ്പോൾ സിനിമ ലോകത്ത് ഇതാണ് ഒരു നടന്റെയോ സിനിമയുടെയോ പ്രാപ്തി തെളിയിക്കുന്ന ഘടകം. പണ്ടൊക്കെ ഒരു സിനിമ 100 ദിവസം തിയേറ്ററുകളിൽ ഓടി എന്ന് പറയുന്നതായിരുന്നു വിജയം. ഇപ്പോൾ ചിത്രം നേടുന്ന കളക്ഷൻ ആണ് പ്രധാനം. മലയാള സിനിമയിൽ ഈ കോടി ക്ലബ്ബിൽ ഇടം നേടുന്നത് എപ്പോഴും സൂപ്പർതാരങ്ങൾ ആയിരുന്നു. ഇപ്പോഴിതാ അവരുടെ ഇടയിലേക്ക് ഒരു ചെറുപ്പക്കാരൻ ഇടം പിടിച്ചിരിക്കുകയാണ്. ‘പ്രേമലു’ എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ 50 കോടി ക്ലബ്ബിൽ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് നസ്ലൻ.
മോഹൻലാലും മമ്മൂട്ടിയും അടക്കി ഭരിക്കുന്ന കോടി ക്ലബ്ബിൽ യുവതാരങ്ങളായ പൃഥ്വിരാജ്, നിവിൻ പോളി, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, ഉണ്ണി മുകുന്ദൻ, പ്രണവ് മോഹൻലാൽ എന്നിവരും ഉണ്ട്. ആറ് ചിത്രങ്ങളുടെ ഭൂരിപക്ഷത്തിൽ മോഹൻലാൽ തന്നെയാണ് ഈ കൂട്ടത്തിൽ ഒന്നാമൻ. തൊട്ടുപിന്നാലെ നാല് ചിത്രങ്ങളുമായി മമ്മൂട്ടി ഈ ക്ലബ്ബിൽ ഉണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
50 കോടിയിലധികം രൂപ നേടിയ ചിത്രങ്ങളുമായി നിവിൻ പോളിയും പൃഥ്വിരാജ് സുകുമാരനും ലിസ്റ്റിൽ ഉണ്ട്. ഓരോ ചിത്രങ്ങളുമായി ദുൽഖർ സൽമാനും പ്രണവ് മോഹൻലാലും ഉണ്ണി മുകുന്ദനും പിന്നെ ഫഹദ് ഫാസിലും നിരയിൽ ഉണ്ട്.
അതേസമയം, നസ്ലൻ നായകനായി എത്തിയ ‘പ്രേമലു’വിന്റെ തെലുങ്ക് പതിപ്പും പുറത്തിറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. കേരളത്തിലും തമിഴ് നാട്ടിലും ഗംഭീര ബോക്സ് ഓഫീസ് പ്രകടനം കാഴ്ചവെച്ച ചിത്രം ആഗോളതലത്തിൽ 85 കോടിയിലധികം രൂപയാണ് നിലവിൽ നേടിയിരിക്കുന്നത്. ചെറിയ ബജറ്റിൽ ഒരുക്കിയ ചിത്രമായിരുന്നു ‘പ്രേമലു’ പക്ഷേ എല്ലാത്തരം പ്രേക്ഷകരും സിനിമയെ സ്വീകരിച്ചുവെന്നതാണ് അതിനെ വേറിട്ട് നിർത്തുന്നത്.
തമാശ കൊണ്ട് നിറഞ്ഞ സിനിമ പ്രണയത്തിനും പ്രാധാന്യം നൽകുന്നു. സിനിമ ആഗോളതലത്തിൽ 100 കോടിയിലേക്കുള്ള യാത്രയിലാണ്.
ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും പ്രേമലുവില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ഫഹദ് ഫാസിലും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. വിഷ്ണു വിജയ് ആണ് ‘പ്രേമലു’വിന്റെ സംഗീത സംവിധാനം നിർവഹിച്ചത്.