ദില്ലി : കേരളമടക്കമുളള കോണ്‍ഗ്രസിന്റെ ലോക്സഭാ സ്ഥാനാര്‍ത്ഥിപ്പട്ടിക രാത്രിയോടെ പ്രഖ്യാപിച്ചേക്കും. കേരളത്തിലെ 16 സീറ്റുകളിലും ധാരണയായെന്നാണ് കെപിസിസി അധ്യക്ഷനും കെ സുധാകരനും ഇന്നലെ പ്രഖ്യാപിച്ചതെങ്കിലും ആലപ്പുഴ സീറ്റിലെ കെസിയുടെ സ്ഥാനാര്‍ത്ഥിത്വം എഐസിസിസി വീണ്ടും വിലയിരുത്തുകയാണ്. രാഹുല്‍ ഗാന്ധിയും, കെസി വേണുഗോപാലും ഒരു സംസ്ഥാനത്ത് മത്സരിക്കുന്നതാണ് എഐസിസിസി വിലയിരുത്തുന്നത്. വടകരയും, തൃശൂരും ധാരണയായതില്‍ മാറ്റമുണ്ടാകില്ലെന്ന് നേതാക്കള്‍ അറിയിച്ചത്.
പത്മജാ വേണുഗോപാല്‍ പാർട്ടിക്കുണ്ടാക്കിയ ക്ഷീണം, കെ മുരളീധരനെ മുന്നില്‍ നിർത്തി കരുണാകരന്റെ തട്ടകത്തില്‍ പരിഹരിക്കുകയാണ് കോണ്‍ഗ്രസ്. ബിജെപി പ്രതീക്ഷയർപ്പിക്കുന്ന തൃശ്ശൂർ മണ്ഡലത്തില്‍, നേരിട്ടുള്ള മത്സരത്തിനാണ് മുരളീധരൻ ഒരുങ്ങുന്നത്. നേമത്തെ ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുന്നതില്‍ നിർണായക പങ്കുവഹിച്ച കെ മുരളീധരന്റെ സ്ഥാനാർത്ഥിത്വം, തൃശ്ശൂരിലും ബിജെപി വിരുദ്ധ രാഷ്ട്രീയത്തിന് കോണ്‍ഗ്രസിന് ശക്തി പകരുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. മുരളി ഒഴിയുന്ന വടകരയില്‍ കെ കെ ശൈലജയെ നേരിടാൻ ഷാഫി പറമ്ബിലെത്തും. സാമുദായിക പരിഗണ കൂടി കണക്കിലെടുത്താണ് പാലക്കാട്ട് നിന്ന് ഷാഫി പറമ്ബില്‍ എംഎല്‍എയെ വടകരയില്‍ മത്സരിപ്പിക്കുന്നത്. ടി സിദ്ദിഖിന്റെ പേരും അവസാനഘട്ടം വരെ പരിഗണിച്ചു. വയനാട്ടില്‍ രാഹുല്‍ ഗാന്ധി തുടരും. കണ്ണൂരില്‍ കെ സുധാകരനും വീണ്ടും മത്സരിക്കും. ഈഴവ-മുസ്ലിം പ്രാധാന്യം ഉറപ്പായതോടെ ആലപ്പുഴയില്‍ കെസി വേണുഗോപാല്‍ മത്സരിക്കാനാണ് നിലവിലെ ധാരണയെങ്കിലും രാഹുലും കെസിയും കേരളത്തില്‍ മത്സരിക്കുന്നത് വേണോ എന്നാണ് എഐസിസി ചിന്തിക്കുന്നത്. ബാക്കി സിറ്റിംഗ് എംപിമാർ എല്ലാവരും തുടരും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരുവനന്തപുരത്ത് ശശി തരൂർ, ആറ്റിങ്ങലില്‍ അടൂർ പ്രകാശ്, പത്തനംതിട്ടയില്‍ ആന്റോ ആന്റണി, മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷ്, എറണാകുളത്ത് ഹൈബി ഈഡൻ, ഇടുക്കിയില്‍ ഡീൻ കുര്യാക്കോസ്, ചാലക്കുടിയില്‍ ബെന്നി ബഹനാൻ, പാലക്കാട് വികെ ശ്രീകണ്ഠൻ, ആലത്തൂരില്‍ രമ്യ ഹരിദാസ്, കോഴിക്കോട് എംകെ രാഘവൻ, കാസർകോട്ട് രാജ്മോഹൻ ഉണ്ണിത്താൻ എന്നീ സിറ്റിംഗ് എംപിമാർ വീണ്ടും മത്സരിക്കും. പുതുമയില്ലാത്ത ഒരു പട്ടിക പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഗുണം ചെയ്യില്ലെന്ന നേതൃത്വത്തില്‍ ചിന്തയാണ് സർപ്രൈസ് സ്ഥാനാർത്ഥത്തിന് കാരണം. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആണ് കെ മുരളീധരനെ തൃശ്ശൂരിലേക്ക് നിർദ്ദേശിച്ചത്. ടി എൻ പ്രതാപന് വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കും.