ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടാകും. രണ്ടാം മോദി സർക്കാരിന്റെ അവസാന കേന്ദ്രമന്ത്രിസഭായോഗം ചൊവ്വാഴ്ച ചേരും. വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനങ്ങളും നയപരമായ പ്രഖ്യാപനങ്ങളും ബുധനാഴ്ചയ്ക്കകം നടത്താൻ മന്ത്രാലയങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് നിർദേശം നല്‍കിയതായാണ് സൂചന.
തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താൻ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ മുഖ്യ കമ്മിഷണറും തിരഞ്ഞെടുപ്പ് കമ്മിഷണർമാരും ചൊവ്വ, ബുധൻ ദിവസങ്ങളില്‍ ജമ്മു കശ്മീർ സന്ദർശിക്കുകയാണ്. ഈ സന്ദർശനം പൂർത്തിയായാല്‍ ഉടൻ കമ്മിഷന്റെ സമ്ബൂർണയോഗം ചേർന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുൻപ് ഒരു ഡസനോളം പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. ചില വൻകിട പദ്ധതികളുടെ പ്രഖ്യാപനവും അവസാന കേന്ദ്രമന്ത്രിസഭായോഗത്തിന് ശേഷം ഉണ്ടായേക്കും. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുൻപ് സി.എ.എ. ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തേക്കും.