നിലമ്പൂർ : മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ ചിത്രമുള്ള ഫ്ളെക്സ് ബോർഡ് സ്ഥാപിച്ച് ബി.ജെ.പി. മലപ്പുറം ജില്ലയിലെ നിലമ്പൂരിലാണ് ബി.ജെ.പി. ഫ്ളെക്സ് സ്ഥാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേർന്ന പത്മജ വേണുഗോപാലിന്റേയും ചിത്രങ്ങള്‍ക്കൊപ്പമാണ് പത്മജയുടെ പിതാവ് കൂടിയായ കെ. കരുണാകരന്റെ ചിത്രവും ഉള്‍പ്പെടുത്തിയത്. ബി.ജെ.പി. നിലമ്പൂർ മുൻസിപ്പല്‍ കമ്മിറ്റിയാണ് ഫ്ളെക്സ് ബോർഡ് സ്ഥാപിച്ചത്. ബോർഡിനെതിരെ യൂത്ത് കോണ്‍ഗ്രസ് നിലമ്പൂർ പോലീസിന് പരാതി നല്‍കി.
കെ. കരുണാകരനേയും കോണ്‍ഗ്രസിനേയും അപമാനിക്കുന്ന ഫ്ളെക്സ് നീക്കംചെയ്യണമെന്ന് കാണിച്ചായിരുന്നു പരാതി. നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കരുണാകരന്റെ ചിത്രം ഉള്‍പ്പെടുത്തിയ ബി.ജെ.പി. ഫ്ളെക്സ് ബോർഡ് വലിച്ചുകീറിയത്. അതേസമയം, കെ. കരുണാകരനോടുള്ള ആദരസൂചകമായാണ് ഫ്ളെക്സ് ബോർഡ് സ്ഥാപിച്ചതെന്നാണ് ബി.ജെ.പിയുടെ വിശദീകരണം. ബോർഡ് നശിപ്പിച്ചത് കോണ്‍ഗ്രസിന്റെ അസഹിഷ്ണുതകൊണ്ടാണെന്നും ബി.ജെ.പി. പറഞ്ഞു.