തന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിലേക്ക് അംഗങ്ങളെ ചേർക്കുന്ന പദ്ധതി നടൻ വിജയ് ആരംഭിച്ചു. താരം തന്നെയാണ് ആദ്യ അംഗത്വമെടുത്തത്. ഫോണിലൂടെയും വെബ്സൈറ്റിലൂടെയും അംഗത്വമെടുക്കാവുന്ന തരത്തിലാണ് പദ്ധതി ആവിഷ്ക്കരിച്ചത്. ആദ്യ മണിക്കൂറില്‍ 20 ലക്ഷത്തില്‍പ്പരം ആളുകളാണ് അംഗത്വത്തിനായി വെബ്സൈറ്റ് സന്ദർശിച്ചത്.
വനിതാദിനം പ്രമാണിച്ച് കഴിഞ്ഞദിവസം വിജയ് തന്റെ സോഷ്യല്‍ മീഡിയാ പേജുകളില്‍ തമിഴക വെട്രി കഴകത്തിന്റെ പേരിലുള്ള ലെറ്റർപാഡുകളില്‍ രണ്ട് അറിയിപ്പുകള് പോസ്റ്റ് ചെയ്തിരുന്നു. എല്ലാ ജീവജാലങ്ങള്‍ക്കും തുല്യത എന്ന അടിസ്ഥാന തത്വം പിന്തുടരണമെന്നാണ് ഇതില്‍ ഒരു പോസ്റ്റില്‍ പറയുന്നത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നമുക്കൊരുമിച്ച് ചരിത്രം രചിക്കാമെന്നും ഇതില്‍ പറയുന്നു. ‘പിറപോകും എല്ലാ ഉയിരുക്കും’ എന്ന അടിക്കുറിപ്പിന് കീഴില്‍ താൻ നല്കിയ പ്രതിജ്ഞ വായിച്ച് തന്റെ രാഷ്ട്രീയ സംഘടനയില്‍ ചേരാൻ വിജയ് ജനങ്ങളോട് അഭ്യർത്ഥിക്കുന്നതാണ് അടുത്ത പോസ്റ്റ്.
ഇന്ത്യൻ ഭരണഘടനയിലും പരമാധികാരത്തിലും വിശ്വാസമുള്ള ഉത്തരവാദിത്തമുള്ള വ്യക്തിയായി ഞാൻ പ്രവർത്തിക്കുകയും എല്ലാവരുമായും ഐക്യവും സാഹോദര്യവും മതസൗഹാർദ്ദവും സമത്വവും നിലനിർത്തുകയും ചെയ്യും. മതേതരത്വത്തിൻ്റെയും സാമൂഹിക നീതിയുടെയും പാതയില്‍ സഞ്ചരിക്കുമെന്നും എപ്പോഴും ഒരു പൊതുപ്രവർത്തകനായി പ്രവർത്തിക്കുമെന്നും ഞാൻ വാഗ്ദാനം ചെയ്യുന്നു. ജാതി മതം, ലിംഗഭേദം, ജന്മസ്ഥലം എന്നിവയുടെ പേരിലുള്ള വ്യത്യാസങ്ങള്‍ ഇല്ലാതാക്കുക, ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുക, എല്ലാവർക്കും തുല്യ അവസരങ്ങള്‍ നല്‍കുക. തുല്യ അവകാശങ്ങള്‍ക്കായി ഞാൻ പരിശ്രമിക്കും. എല്ലാ ജീവജാലങ്ങള്‍ക്കും തുല്യത എന്ന തത്വം ഞാൻ ഉയർത്തിപ്പിടിക്കുമെന്ന് ഞാൻ ആത്മാർത്ഥമായി ഉറപ്പിക്കുന്നു. പ്രതിജ്ഞയിലെ വാചകങ്ങള്‍ ഇങ്ങനെ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യമണിക്കൂറില്‍ തന്നെ 20 ലക്ഷത്തില്‍പ്പരം ആളുകള്‍ അംഗത്വത്തിനായി വെബ്സൈറ്റില്‍ കയറിയതോടെ സൈറ്റിന്റെ പ്രവർത്തനം താല്‍ക്കാലികമായി നിലച്ചു. ഒടിപി നമ്പറിനായും ലക്ഷക്കണക്കിന് ആളുകളാണ് രജിസ്റ്റർ ചെയ്തത്. ഒരു കോടി ആളുകളെ പാർട്ടി അംഗമാക്കാനാണ് ആദ്യ ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. പാർട്ടിയില്‍ ചേരുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നല്കുന്ന തിരിച്ചറിയല്‍ കാർഡ് നമ്പർ നിർബന്ധമാണ്. അതേസമയം തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനം ഏപ്രിലില്‍ മധുരയില്‍ വെച്ച് നടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും ആർക്കും പിന്തുണ പ്രഖ്യാപിക്കില്ലെന്നും 2026 നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യമിടുന്നതെന്നും വിജയ് നേരത്തേ വ്യക്തമാക്കിയിരുന്നു.
രാഷ്ട്രീയത്തില്‍ സജീവമാകുന്നതോടെ സിനിമാ ജീവിതത്തോട് പൂർണമായും വിടപറയാനാണ് വിജയ് തീരുമാനിച്ചിരിക്കുന്നത്.