തിരുവനന്തപുരം : സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത കൂട്ടി ഉത്തരവിറങ്ങി. ഏഴില്‍ നിന്നും ഒൻപത് ശതമാനമായാണ് ക്ഷാമബത്ത വർധിപ്പിച്ചിരിക്കുന്നത്. വിരമിച്ച വിവിധ വിഭാഗങ്ങള്‍ക്കുള്ള ക്ഷാമാശ്വാസവും വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡി എ (ഡിയർനെസ്സ് അലവൻസ്) 4% വർധിപ്പിച്ചിരുന്നു. 2024 ജനുവരി 1 മുതല്‍ മുൻകാല പ്രാബല്യത്തോടെയാണ് ഡി എ വര്‍ധന നിലവില്‍ വരുക.
ഇതോടൊപ്പം ജീവനക്കാരുടെ ഗ്രാറ്റിവിറ്റി പരിധി 20 ലക്ഷത്തില്‍ നിന്ന് 25 ലക്ഷമാക്കി ഉയർത്തി. ദാരിദ്ര രേഖക്ക് താഴെയുള്ള സ്ത്രീകള്‍ക്ക് എല്‍പിജി സിലിണ്ടർ നല്കുന്ന പദ്ധതിയായ ഉജ്ജ്വല യോജന ഗുണഭോക്താക്കള്‍ക്കുള്ള സബ്സിഡി തുടരാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സിലിണ്ടറിന് 300 രൂപ വീതമുള്ള സബ്സിഡിയാണ് തുടരുക. ഒപ്പം ദേശീയ ‘എ ഐ’ മിഷൻ ആരംഭിക്കാനും 10000 കോടി രൂപ പദ്ധതിക്കായി നീക്കിവയ്ക്കാനും ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.