ചെന്നൈ : മുസ്ലിം ലീഗ് എംപിക്കെതിരെ എൻഫോഴ്സ്മെന്റ് അന്വേഷണം. തമിഴ്നാട്ടിലെ രാമനാഥപുരം മണ്ഡലത്തിലെ എംപി നവാസ് കനിക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. നവാസ് കനിയുടെ സ്ഥാപനങ്ങളില്‍ എൻഫോഴ്സ്മെന്റ് റെയ്ഡ് നടക്കുകയാണ്. എസ്ടി കൊറിയര്‍ എന്ന നവാസ് കനിയുടെ സ്ഥാപനങ്ങളിലാണ് ഇഡി സംഘം റെയ്ഡ് നടത്തുന്നത്. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും രാമനാഥപുരം സീറ്റില്‍ മുസ്ലിം ലീഗാണ് മത്സരിക്കുന്നത്. ഡിഎംകെ സഖ്യത്തിന്റെ ഭാഗമാണ് മുസ്ലിം ലീഗ്.
ഡിഎംകെയും കോണ്‍ഗ്രസും സിപിഎമ്മും അടങ്ങുന്ന സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായാണ് കഴിഞ്ഞ തവണയും മണ്ഡലത്തില്‍ മുസ്ലിം ലീഗിന് വേണ്ടി നവാസ് കനി മത്സരിച്ച് പാര്‍ലമെന്റിലേക്ക് ജയിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് നവാസ് കനിക്കെതിരെ ഇഡി അന്വേഷണം ആരംഭിച്ചത്. മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കാൻ സാധ്യതയുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇതുവരെ ഇത് സംബന്ധിച്ച് പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല.