കോട്ടയം : മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആന്‍ഡ് ഡെവലപ്പ്മെന്‍റ് സ്റ്റഡീസ് ഡയറക്ടറും പ്രഫസറുമായ ഡോ. ബിജു ലക്ഷ്മണന്‍ (56) നിര്യാതനായി. വൃക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് എറണാകുളം അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്നു. ഗാന്ധിയന്‍ സ്റ്റഡീസ്, മനുഷ്യാവകാശം, വികസന ബദലുകള്‍, ഭരണനിര്‍വഹണം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധനായിരുന്ന ഇദ്ദേഹം മുന്‍പ് സംസ്ഥാന സര്‍ക്കാരിന്‍റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പാര്‍ലമെന്‍ററി അഫയേഴ്സ് ഡയറക്ടര്‍ ജനറലായി സേവനമനുഷ്ടിച്ചിരുന്നു. എം.ജി സര്‍വകലാശാല സെനറ്റിലും അക്കാദമിക് കൗണ്‍സിലിലും വിവധ സര്‍വകലാശാലകളിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസിലും അംഗം, ഗവണ്‍മെന്‍റ് കോളജുകളില്‍ അധ്യാപകന്‍, എം.ജി സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍, തിരഞ്ഞെടുപ്പ് കമ്മിഷന്‍റെയും സര്‍വകലാശാലകളുടെയും അക്കാദമിക് കണ്‍സള്‍ട്ടന്‍റ്, എസ്.സി.ഇ.ആര്‍.ടിയിലെ വിവിധ പദ്ധതികളിലെ വിഷയ വിദഗ്ധന്‍, 2018ല്‍ കേരള നിയമസഭയുടെ വജ്രജൂബിലിയുടെ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജനാധിപത്യത്തിന്‍റെ ആഘോഷം പരിപാടിയുടെ കോ-ഓര്‍ഡിനേറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി വിദ്യാര്‍ഥികളുടെ പി.എച്ച്.ഡി ഗൈഡായിരുന്ന ഡോ. ബിജുവിന്‍റെ പ്രബന്ധങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മഹാത്മാ ഗാന്ധി സര്‍വകലാശാലാ ടീച്ചേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റായും പ്രവര്‍ത്തിച്ചുവരികയായിരുന്നു. കൊല്ലം കൊട്ടാരക്കര വയക്കല്‍ സ്വദേശിയാണ്. ഭാര്യ – ദീപകുമാരി. മക്കള്‍ – ആദിത്യ ബി. ലക്ഷ്മണ്‍ (എം. എഡ് വിദ്യാര്‍ഥിനി, കേന്ദ്ര സര്‍വകലാശാല കാസര്‍ഗോഡ്) ആദ്യ ബി. ലക്ഷ്മണ്‍ (രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി, വിമന്‍സ് കോളേജ് തിരുവനന്തപുരം). സഹോദരങ്ങള്‍: ബാബു ലക്ഷ്മണന്‍ (റിട്ട. സൂപ്രണ്ട്, കെ.എസ്.ഇ.ബി), ബീന ലക്ഷ്മണന്‍. മൃതദേഹം നാളെ മാര്‍ച്ച് 15 വെള്ളിയാഴ്ച രാവിലെ 10.30ന് സര്‍വകലാശാലാ അസംബ്ലി ഹാളില്‍ പൊതു ദര്‍ശനത്തിന് വെക്കും. സംസ്കാരച്ചടങ്ങ് മാര്‍ച്ച് 17ന് ഞായറാഴ്ച കൊട്ടാരക്കര വയക്കലിലെ വീട്ടുവളപ്പില്‍.