കോട്ടയം: ജില്ലാ സപ്ലൈ ഓഫീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലോക ഉപഭോക്തൃ അവകാശദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിച്ചു. പുതിയ വിപണി സാഹചര്യങ്ങളിൽ ഉപഭോക്താക്കൾ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കേണ്ടത് അത്യാവശ്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദ് ചടങ്ങിൽ അധ്യക്ഷയായിരുന്നു.
കെൽട്രോൺ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് പ്രവീൺ കുമാർ ‘ഉപഭോക്താക്കൾക്കുവേണ്ടി ഉത്തരവാദിത്തമുള്ളതും നീതിപൂർവകവുമായ നിർമ്മിത ബുദ്ധി (എ.ഐ)’ എന്ന വിഷയത്തിൽ ക്ലാസെടുത്തു. ജില്ലാ സപ്ലൈ ഓഫീസർ സ്മിത ജോർജ്, കൺസ്യൂമർ പ്രൊട്ടക്ഷൻ ആൻഡ് സിറ്റിസൺസ് റൈറ്റ്സ് ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി ജെയിംസ് കലാവടക്കൻ, കൺസ്യൂമർ ഗൈഡൻസ് ആൻഡ് റിസർച്ച് സൊസൈറ്റി ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി പി.ഐ. മാണി, കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ജില്ലാ ജനറൽ സെക്രട്ടറി ഷിബു ഏഴേപുഞ്ചയിൽ, കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി രാജി ചന്ദ്രൻ, ജൂനിയർ സൂപ്രണ്ട് എം.ആർ. മനോജ് കുമാർ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ഉപഭോക്തൃ നീതിസംഗമവും പ്രശസ്തി പത്രവിതരണവും നടത്തി. പാസ്കൽ ജോസഫ്, ഫായിസ്, ബെന്നി, രതീഷ് എന്നിവർ ഉപഭോക്തൃ നീതി സംഗമത്തിൽ പങ്കെടുത്തു.