റായ്പൂർ : മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ ഛത്തീസ്ഗഡ് മുൻമുഖ്യമന്ത്രി ഭൂപേഷ് ബാഘേലിനെതിരെ കേസെടുത്ത് സംസ്ഥാന പോലീസ്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ 6,000 കോടിയുടെ ബെറ്റിങ് ആപ്പ് കേസിലെ പുതിയ പുതിയ നീക്കം കോണ്‍ഗ്രസ് പാർട്ടിക്കും ഭൂപേഷ് ബാഘേലിനും വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വിശ്വാസവഞ്ചന, ഗൂഢാലോചന, അഴിമതി എന്നീ കുറ്റങ്ങള്‍ ചുമത്തി ഐ.പി.സി. സെക്ഷന്റെയും 7, 11 എന്നീ അഴിമതിവിരുദ്ധ ആക്ടുകളുടെയും അടിസ്ഥാനത്തിലാണ് റായ്പുർ എക്കണോമിക് ഒഫെൻസെസ് വിങ് (ഇ.ഒ.ഡബ്ല്യു.) ബാഘേലിനെതിരെ മാർച്ച് നാലിന് എഫ്.ഐ.ആർ. ഫയല്‍ ചെയ്തത്.
മഹാദേവ് ബെറ്റിങ് ആപ്പ് പ്രചരണത്തിനായി പ്രവർത്തിച്ചവരുടെ പേരുകളും എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സൗരഭ് ചന്ദ്രാകർ, രവി ഉപ്പല്‍ തുടങ്ങി 16 പേരുടെ ലിസ്റ്റാണ് എഫ്.ഐ.ആറില്‍ ഉള്ളത്. ഇതില്‍ കേസിനാസ്പദമായ സമയത്ത് മുഖ്യമന്ത്രിയായിരുന്ന ബാഘേലിനൊപ്പം ജോലി ചെയ്തിരുന്ന ഐ.എ.എസ്. ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും സ്പെഷ്യല്‍
ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. കേസുമായി ബന്ധപ്പെട്ട് ഇ.ഡി. കണ്ടെത്തിയ വിവരങ്ങളില്‍ ബാഘേലുമായി ബന്ധപ്പെട്ട രണ്ടുഫയലുകള്‍ ഛത്തീസ്ഗഡ് പോലീസിന് കൈമാറിയിരുന്നു. മഹാദേവ് ബെറ്റിങ് ആപ്പിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ക്കായി സംസ്ഥാനത്തെ അധികാരത്തിന്റെ ഉന്നതശ്രേണിയില്‍ ഉള്ളവർ ചെയ്തുകൊടുത്ത സഹായങ്ങളാണ് ഈ ഫയലുകളില്‍ ഉണ്ടായിരുന്നത് എന്നാണ് പുറത്തുവരുന്ന വിവരം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ വർഷം ജനുവരി എട്ട്, 30 തീയതികളിലായാണ് ഇ.ഡി. ഫയലുകള്‍ സംസ്ഥാന പോലീസിന് കൈമാറിയത്. അതിന് പിന്നാലെ നടത്തിയ അന്വേഷണങ്ങളാണ് മുൻമുഖ്യമന്ത്രിയിലേക്ക് പോലീസിനെ എത്തിച്ചത് എന്നാണ് വിവരം. അഴിമതിയുമായി ബന്ധപ്പെട്ട് ചന്ദ്രാകറും ഉപ്പലും ബാഗേലിന് 508 കോടി നല്‍കിയതായി നവംബർ 2023-ല്‍ അന്വേഷണസംഘം ആരോപിച്ചിരുന്നു.