കൽപ്പറ്റ : ആദിവാസി ഭവന തട്ടിപ്പ് കേസിലെ പ്രതി തെരഞ്ഞെടുപ്പ് ചുമതലയില്‍ എത്തിയത് പരിശോധിക്കുമെന്ന് വയനാട്ടിലെ ഇടതു സ്ഥാനാർഥി ആനിരാജ. പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്നവർക്കൊപ്പം നില്‍ക്കുകയെന്ന നിലപാടില്ല. ഇടതു പക്ഷത്തിന്റെ സംവിധാനം അത് പരിശോധിക്കുമെന്നും ആനിരാജ പറഞ്ഞു. നിലമ്പൂർ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനർ പിഎം ബഷീറാണ് കേസിലെ പ്രതി.
ദളിത് പ്രശ്നങ്ങളില്‍ സ്ഥിരം ഇടപെടുന്ന വ്യക്തിയായ ആനിരാജയുടെ തെരഞ്ഞെടുപ്പ് ചുമതലയിലാണ് ആദിവാസി ഭവന തട്ടിപ്പ് കേസിലെ പ്രതി ഉള്‍പ്പെട്ടിരിക്കുന്നത്. അഗളി ഭൂതിവഴി ഊരിലെ 7 ആദിവാസി കുടുംബങ്ങളുടെ ഭവനനിർമ്മാണം ഏറ്റെടുത്ത് പണം തട്ടിയ കേസിലെ പ്രതിയാണിയാള്‍. 14 ലക്ഷം തട്ടിയെന്ന ക്രൈംബ്രാഞ്ച് കേസിലെ 1ാം പ്രതിയുമാണ്.
ഗുണനിലവാരമില്ലാത്ത വീടുകള്‍ നിർമ്മിച്ച് മിച്ചം വെച്ച പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കേസിന്റെ വിചാരണ മണ്ണാർക്കാട് എസ്‍സിഎസ്ടി കോടതിയില്‍ നടന്നുവരികയാണ്. സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സിപി സുനീറിന്റെ അടുപ്പക്കാരനാണ് പിഎം ബഷീർ. കഴിഞ്ഞ തവണ സുനീർ വയനാട്ടില്‍ മത്സരിച്ചപ്പോള്‍ കേസിലുള്‍പ്പെട്ടതിനാല്‍ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയിരുന്നില്ല. ഇത്തവണ നിയോജക മണ്ഡലം സെക്രട്ടറി എം മുജീബിനെ പരിഗണിക്കാനായിരുന്നു ധാരണ. എന്നാല്‍ ജില്ലാ സംസ്ഥാന നേതൃത്വങ്ങളെ സ്വാധീനിച്ച് കണ്‍വീനറായെന്നാണ് വിമർശനം ഉയരുന്നത്.