ദില്ലി : വനിതാ ഐപിഎല്ലില്‍ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമിനെ അഭിനന്ദിച്ച് ടീമിന്‍റെ മുന്‍ ഉടമ കൂടിയായ വിജയ് മല്യ. വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്ന് നിയമനടപികള്‍ നേരിട്ട വിജയ് മല്യ ഇന്ത്യ വിട്ട് ബ്രിട്ടണില്‍ അഭയം തേടിയിരുന്നു. കേസിലെ തുടര്‍ നടപടികള്‍ക്കായി വിജയ് മല്യയെ വിട്ടുകിട്ടാനുളള നിയമനടപടികള്‍ ഇപ്പോഴും തുടരുകയാണ്. ഇതിനിടെയാണ് ആര്‍സിബിയുടെ വിജയത്തില്‍ ആശംസയുമായി മല്യ എത്തിയത്. വനിതാ ഐപിഎല്‍ കിരീടം നേടിയ ആര്‍സിബി വനിതാ ടീമിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍, ഇനി ഇത്തവണ പുരുഷ ടീം കൂടി കിരീടം നേടി ഡബിള്‍ തികച്ചാല്‍ അത് ഗംഭീരമായിരിക്കും. ഏറെക്കാലമായുള്ള കടമാണത്, അവര്‍ക്കും എല്ലാവിധ ആശംസകളുമെന്നായിരുന്നു വിജയ് മല്യയുടെ വാക്കുകള്‍.
16 വര്‍ഷമായി ഐപിഎല്‍ കിരീടം നേടാനാത്ത പുരുഷ ടീമിനെക്കുറിച്ചാണ് മല്യ ട്വീറ്റില്‍ പരാമര്‍ശിച്ചത്. 22ന് തുടങ്ങുന്ന പുരുഷ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ആണ് ആര്‍സിബിയുടെ ആദ്യ മത്സരം. വനിതാ ടീം കീരീടം നേടിയതോട പുരുഷ ടീമും കടുത്ത സമ്മര്‍ദ്ദത്തിലാകും ഐപിഎല്ലിനിറങ്ങുക. കിരീടത്തില്‍ കുറഞ്ഞതൊന്നും വിരാട് കോലിയുടെ സംഘത്തില്‍ നിന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. 2009, 2011, 2016 സീസണുകളില്‍ ഫൈനലിലെത്തിയെങ്കിലും ആര്‍സിബിക്ക് കിരീടപ്പോരാട്ടത്തില്‍ കാലിടറിയിരുന്നു. 2020, 2021 സീസണുകളില്‍ പ്ലേ ഓഫിലെത്തിയെങ്കിലും ആര്‍സിബിക്ക് ഫൈനലിലെത്താനായില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആര്‍സിബി ടീം ഉടമയായിരുന്ന വിജയ് മല്യ 2016ലാണ് ടീമിന്‍റെ ഉടമസ്ഥാവകാശം പൂര്‍ണമായും യുണൈറ്റഡ് സ്പിരിറ്റ്സിന് കൈമാറിയത്. ഇന്ന് ഐപിഎല്ലിലെ ഏറ്റവും മൂല്യമേറിയ ആറാമത്തെ ടീമാണ് ആര്‍സിബി. ആവേശം അവസാന ഓവറിലേക്ക് നീണ്ട വനിതാ ഐപിഎല്‍ ഫൈനലില്‍ ഡല്‍ഹിയെ എട്ട് വിക്കറ്റിന് വീഴ്ത്തിയാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഇന്നലെ ഐപിഎല്ലിലെ ആദ്യ കിരീടം സ്വന്തമാക്കിയത്. ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന കിരീടപ്പോരാട്ടത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആതിഥേയരായ ഡല്‍ഹി 18.3 ഓവറില്‍ 113 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ബാംഗ്ലൂര്‍ 19.3 ഓവറില്‍ ലക്ഷ്യത്തിലെത്തി.